പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂലിലേക്ക്
text_fieldsകൊൽക്കത്ത: മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ചേരാൻ ഒരുങ്ങുന്നു. പാർട്ടിമാറ്റം സംബന്ധിച്ച് അഭിജിത് മുഖർജി അന്തിമ തീരുമാനം എടുത്തതായും തിങ്കളാഴ്ച അംഗത്വെമടുക്കാൻ സാധ്യതയുണ്ടെന്നും തൃണമൂൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസിന്‍റെ ജംഗിപൂരിൽനിന്നുള്ള മുൻ എംപി കൂടിയായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചർച്ച നടത്തിവരികയായിരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.
വിവാദമായ കൊൽക്കത്തയിലെ വ്യാജ വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട് മമത ബാനർജിക്ക് അഭിജിത് മുഖർജി ട്വിറ്ററിൽ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. "ഐ.എ.എസ് ഓഫിസർ ചമഞ്ഞ് ദെബഞ്ചൻ ദേബ് എന്നയാൾ നടത്തിയ വ്യാജ വാക്സിനേഷൻ ക്യാമ്പിന്‍റെ പേരിൽ മമത ദീദിയെ വ്യക്തിപരമായി കുറ്റപ്പെടുത്തണമെങ്കിൽ, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരുടെ എല്ലാ അഴിമതികൾക്കും മോദിയെ കുറ്റപ്പെടുത്തണം. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല" -അഭിജിത് മുഖർജി അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച കൊൽക്കത്തയിൽ നടക്കുന്ന തൃണമൂൽ പരിപാടിയിൽ അഭിജിത് പാർട്ടിമാറ്റം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേസമയം, അഭിജിത്തിന്‍റെ സഹോദരി ശർമിഷ്ഠ മുഖർജി കോൺഗ്രസ് നേതൃത്വത്തിൽ സജീവമാണ്. ഡൽഹി ആസ്ഥാനമായാണ് ഇവരുടെ പ്രവർത്തനം.
മമത ബാനർജിയോടുള്ള അഭിജിത് മുഖർജിയുടെ അടുപ്പം പശ്ചിമ ബംഗാൾ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത രുക്ഷമാക്കിയിരുന്നു. കോൺഗ്രസ് സംസഥാന അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരിയും ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കുന്നതിന്‍റെ ഭാഗമായി അധീറിനെ ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത് മാറ്റാൻ നീക്കം നടക്കുന്നുണ്ട്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ പ്രതിരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനായ അധീര്‍ തുടരുമ്പോള്‍ സഖ്യത്തിന് തൃണമൂല്‍ തയ്യാറായേക്കില്ലെന്നാണ് സ കോണ്‍ഗ്രസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.