അഭിലാഷ് ടോമിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവിക കമാൻഡർ അഭിലാഷ് ടോമിയെ ഡൽഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായാണ് ഡൽഹിയിലേക്ക് മാറ്റിയത്.
ഡൽഹിയിലെ ആശുപത്രിയിൽ നടത്തുന്ന പരിശോധനകളിൽ അഭിലാഷിെൻറ ആരോഗ്യനില വിശദമായി വിലയിരുത്തും. ശേഷം തുടർചികിത്സ ആരംഭിക്കും. അഭിലാഷിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് പിതാവ് റിട്ട. ലഫ്. കമാൻഡർ വി.സി. ടോമി പറഞ്ഞു.
നാവികസേന കപ്പലായ ഐ.എൻ.എസ് സത്പുരയിലാണ് ശനിയാഴ്ച വൈകീട്ടാണ് അഭിലാഷിനെ വിശാഖപട്ടണത്ത് എത്തിച്ചത്. ഫ്രാൻസിെൻറ അധീനതയിലുള്ള ന്യൂ ആംസ്റ്റർഡാം ദ്വീപിൽ ചികിത്സയിലിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്ക് സഞ്ചാരദിശ മാറ്റിയത്.
ആസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് അഭിലാഷ് സഞ്ചരിച്ച ‘തുരീയ’ പായ്വഞ്ചി അപകടത്തിൽെപട്ടത്. പായ്മരങ്ങൾ തകർന്ന് അഭിലാഷിന് നടുവിന് സാരമായി പരിക്കേറ്റിരുന്നു.
ജൂലൈ ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോവ തുറമുഖത്തു നിന്നാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്. 84 ദിവസത്തിനു ശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തിൽ ഏഷ്യയിൽനിന്നുള്ള ഏക മത്സരാർഥിയായിരുന്നു മൂന്നാം സ്ഥാനക്കാരനായിരുന്ന അഭിലാഷ് ടോമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.