അമിതാഭ് ബച്ചനും ജയക്കും പിന്നാലെ മകൻ അഭിഷേകും രാഷ്ട്രീയത്തിലേക്ക്?; പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്
text_fieldsഅച്ഛൻ അമിതാഭ് ബച്ചനും അമ്മ ജയക്കും പിന്നാലെ മകൻ അഭിഷേകും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ദേശീയ മാധ്യമങ്ങളിലാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിക്കുന്നത്. അഭിഷേക് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) ചേരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ജൂനിയർ ബച്ചൻ അലഹബാദ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്.
എന്നാൽ അഭിഷേകും എസ്.പിയും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അഭിഷേക് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാർത്ത ഉത്തർപ്രദേശിൽ വലിയ വാർത്താ പ്രാധാന്യമാണ് നേടിയിട്ടുള്ളത്. ‘എന്റെ മാതാപിതാക്കൾ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അതിനോട് താത്പ്പര്യമില്ല. ഞാൻ സ്‌ക്രീനിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തേക്കാം. എന്നാൽ യഥാർഥ ജീവിതത്തിൽ അതൊരു വലിയ കാര്യമാണ്. ഞാൻ ഒരിക്കലും അതിൽ പ്രവേശിക്കില്ല’-2013ൽ ഒരു അഭിമുഖത്തിൽ അഭിഷേക് പറഞ്ഞിരുന്നു.
1984 ൽ അമിതാഭ് ബച്ചൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് ദീർഘകാല കുടുംബ സുഹൃത്തായ രാജീവ് ഗാന്ധിയെ പിന്തുണച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഹ്രസ്വകാലമായിരുന്നു. അലഹബാദ് സീറ്റിൽ മത്സരിച്ച അദ്ദേഹം എട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 68 ശതമാനത്തിലധികം വോട്ടുകൾ നേടി വിജയിച്ചു.
എന്നാൽ ബോഫോഴ്‌സ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് 1987 ജൂലൈയിൽ അദ്ദേഹം തന്റെ സ്ഥാനം രാജിവച്ചു. രാഷ്ട്രീയത്തിൽ ചേരാനുള്ള തന്റെ തീരുമാനം വൈകാരികമായിരുന്നുവെന്നും എന്നാൽ അതിലേക്ക് പ്രവേശിച്ചപ്പോഴാണ് വികാരങ്ങൾക്ക് അവിടെ സ്ഥാനമില്ലെന്ന് തനിക്ക് മനസ്സിലായതെന്നും ബിഗ് ബി നേരത്തെ പറഞ്ഞിരുന്നു. 2004-ലാണ് ജയാ ബച്ചൻ ആദ്യമായി രാജ്യസഭ എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം 2012 ലും 2018ലും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.