തൃണമൂൽ കോൺഗ്രസിൽ അഴിച്ചുപണി; അഭിഷേക് ബാനർജിയും കുനാൽ ഘോഷും ജനറൽ സെക്രട്ടറിമാർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അഴിച്ചുപണി. പാർട്ടി യുവജവ വിഭാഗമായ ഒാൾ ഇന്ത്യ തൃണമൂൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അഭിഷേക് ബാനർജിയെ പാർട്ടി ജനറൽ സെക്രട്ടറിയായും വക്താവ് കുനാൽ ഘോഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നടിയും തൃണമൂൽ നേതാവുമായ സയോനി ഘോഷ് ആണ് യൂത്ത് കോൺഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷൻ. നിയമസഭ തെരഞ്ഞെടുപ്പിൽ അസൻസോൾ സൗത്തിൽ നിന്ന് മത്സരിച്ച സയോനി പരാജയപ്പെട്ടിരുന്നു. സയോനിയുടെ താരപൊലിമ തൃണമൂൽ പ്രവർത്തകർക്കിടയിൽ അവർക്ക് നേടി വലിയ സ്വീകര്യത കൊടുത്തിരുന്നു. ഡയമൻഡ് ഹാർബർ എം.പിയായ അഭിഷേക് ബാനർജി പാർട്ടി ചീഫ് മമത ബാനർജിയുടെ ബന്ധുവാണ്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിൽ മുഖ്യപ്രതികളിൽ ഒരാളായ കുനാൽ ഘോഷിനെ ഏഴു വർഷത്തെ സസ്പെൻഷന് ശേഷം 2020 ജൂലൈയിലാണ് പാർട്ടി വക്താവായി പുനർ നിയമിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷവും മമതക്കെതിരെ ബി.ജെ.പിയും കേന്ദ്ര സർക്കാരും പുതിയ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് തൃണമൂലിൽ അഴിച്ചുപണി നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ വീട്ട് ബി.ജെ.പിയിൽ ചേക്കേറിയവർ മാതൃപാർട്ടിയിലേക്ക് മടങ്ങിവരാനുള്ള നീക്കത്തിലാണ്.
ബംഗാളിൽ ഇത്തവണ മമത വീഴുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ് മുൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നത്. എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തിരിച്ച് കൂട്ടപലായനം ആരംഭിച്ചതായാണ് റിപ്പോർട്ട്.
നിലവിലെ ബി.ജെ.പി സിറ്റിങ് എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്ബാളർ ദീപേന്ദു വിശ്വാസ്, സരള മുർമു, അമൽ ആചാര്യ തുടങ്ങിവർ തൃണമൂലിലെടുക്കുമോയെന്ന് അനുവാദം തേടി കത്തയച്ചവരിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.