ത്രിപുര ലക്ഷ്യമിട്ട് തൃണമൂൽ; സെപ്റ്റം. 15ന് അഭിഷേക് ബാനർജിയുടെ വൻ റാലി അഗർത്തലയിൽ
text_fieldsഅഗർത്തല: ത്രിപുരയിൽ ചുവടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുതിർന്ന നേതാവ് അഭിഷേക് ബാനർജിയെ കളത്തിലിറക്കി തൃണമൂൽ കോൺഗ്രസ്. സെപ്റ്റംബർ 15ന് തൃണമൂലിന്‍റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് സംസ്ഥാനത്ത് വൻ റാലിയിൽ പങ്കെടുക്കും.
രണ്ടുമാസത്തിനിടെ രണ്ടുതവണ ബാനർജി ത്രിപുര സന്ദർശിച്ചിരുന്നു. സംസ്ഥാനത്ത് തൃണമൂൽ സംഘടിപ്പിക്കുന്ന ആദ്യ വമ്പർ റാലിയാകും ഇത്. അഗർത്തലയിലെ റാലിക്ക് ശേഷം തൃണമൂൽ നേതൃത്വത്തിൽ പദയാത്രയും നടത്തും. റാലിക്കിടെ ഒരു ബി.ജെ.പി എം.എൽ.എ തൃണമൂലിലെത്തുമെന്നാണ് വിവരം.
ഒരാഴ്ചയായി അക്രമസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ത്രിപുര. ബി.ജെ.പി -സി.പി.എം സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
'ദുർഭരണത്തിന്‍റെ ഇടമായി ത്രിപുര മാറി. നിലവിൽ ഫാഷിസ്റ്റ് ഭരണമാണ് ത്രിപുരയിൽ. ജനങ്ങൾ മാറ്റം ആഗ്രഹിച്ച് തുടങ്ങി. സെപ്റ്റംബർ 15ന് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കും. ഇത് മാറ്റങ്ങളുടെ തുടക്കമാകും' -തൃണമൂൽ നേതാവ് സുബാൽ ഭൗമിക് പറഞ്ഞു.
അതേസമയം, തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾക്കെതിരെ ബി.ജെ.പി നേതാവ് രംഗത്തെത്തി. 'അവർ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് ജനങ്ങളെ കൂട്ടുന്നു. സമാധാനപരമായ സംസ്ഥാനമാണ് ത്രിപുര. എന്നാൽ അവർ ഇവിടെ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവരെ പിന്തുണക്കുന്ന ആരും ഇവിടെയില്ല' -ബി.ജെ.പി നേതാവ് പറഞ്ഞു.
നേരത്തേ അഭിഷേക് ബാനർജിയുടെ ത്രിപുര സന്ദർശനം വൻ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. തുടർന്ന് അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇതിൽ അഭിഷേക് ബാനർജിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അഭിഷേക് ബാനർജി വീണ്ടും ത്രിപുരയിെലത്തുക. കോൺഗ്രസ് വിട്ട് അടുത്തിടെ തൃണമൂലിൽ എത്തിയ സുസ്മിത ദേവിയും 10 ദിവസേത്താളമായി ത്രിപുരയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.