സംവരണം റദ്ദാക്കൽ: കർണാടകയിൽ സമരവുമായി മുസ്ലിം സംഘടനകൾ
text_fieldsബംഗളൂരു: കർണാടകയിൽ മുസ്ലിംകൾക്കുണ്ടായിരുന്ന നാലുശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയതിനെതിരെ മുസ്ലിം സംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. കൊപ്പാൾ, ബീദർ, കലബുറഗി, മൈസൂരു എന്നിവിടങ്ങളിലും പ്രതിഷേധപരിപാടികൾ നടന്നു.
നാലുശതമാനം സംവരണം ഒഴിവാക്കി മുസ്ലിം വിഭാഗത്തെ പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്താൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. ഇതുവരെ മുസ്ലിംകള്ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും.
സംവരണം ഉയർത്തണമെന്ന ഇരുവിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിയാണ് ബി.ജെ.പി നീക്കം. കുടുംബവരുമാനം അടിസ്ഥാനമാക്കിയുള്ള ഇ.ഡബ്ല്യു.എസിൽ ഉള്‍പ്പെട്ടതോടെ ബ്രാഹ്മണർ, വ്യാസ, ജെയിൻ തുടങ്ങിയവരോടൊപ്പം മുസ്ലിംകൾ മത്സരിക്കേണ്ട അവസ്ഥയാണ്.
മത്സരപരീക്ഷകളിലടക്കം ഈ വിഭാഗങ്ങളോട് മത്സരിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകൾക്ക് സാധിക്കില്ല. ഏതെങ്കിലും സാമൂഹിക പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മുസ്ലിം സംവരണം നീക്കിയത്. കർണാടക സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് അടക്കമുള്ള മുസ്ലിം സംഘടനകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.