'ഗർഭഛിദ്രം: കൗമാരക്കാരുടെ വ്യക്തിഗതവിവരങ്ങൾ ഡോക്ടർ പൊലീസിന് നൽകേണ്ടതില്ല'
text_fieldsന്യൂഡൽഹി: ഗര്‍ഭഛിദ്രത്തിനായി സമീപിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെക്കുറിച്ച് ഡോക്ടര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇവരുടെ പേരോ തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങളോ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. അവിവാഹിതകളുടെ ഗര്‍ഭഛിദ്രം സംബന്ധിച്ച കേസിലെ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലൈംഗികാതിക്രമ ഇരകളുടെ വിവരങ്ങള്‍ പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം പൊലീസിന് കൈമാറാതിരിക്കല്‍ കുറ്റകരമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ പോക്‌സോ നിയമത്തോടൊപ്പം മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമവും ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റകരമാണെങ്കിലും പ്രായപൂര്‍ത്തിയാവാത്തവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണികളാവുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഗര്‍ഭിണികളാവുന്നവര്‍ മാതാപിതാക്കളോ രക്ഷിതാക്കളോ അറിയാതിരിക്കാന്‍ ശ്രമിക്കും. അറിഞ്ഞു കഴിഞ്ഞാല്‍ തന്നെ കുട്ടിയും മാതാപിതാക്കളും വിവരം പൊലീസില്‍ അറിയിക്കുന്നതിലും വിമുഖത കാണിക്കും. മാനഹാനി ഭയന്ന് അവര്‍ നിയമനടപടികളില്‍നിന്ന് അകന്നുനില്‍ക്കും. അംഗീകാരമില്ലാത്ത ഡോക്ടർമാരുടെ അരികില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനായി സമീപിക്കുകയും ചെയ്യുന്നതുവഴി അപകടങ്ങള്‍ക്ക് വഴിവെക്കും.
ഇതെല്ലാം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശം തടയും. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ ഇരകളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് ഒഴിവാക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.