നൂഹിൽ 180ഓളം േപർ അറസ്റ്റിൽ; രണ്ട് പള്ളികൾ കൂടി കത്തിച്ചു
text_fieldsഗുരുഗ്രാം: വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ വീണ്ടും രണ്ട് മുസ്ലിം പള്ളികൾ കത്തിച്ചു. ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. ഇതിൽ ഒരു പള്ളിയിൽ തീപടർന്നത് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, രണ്ടു പള്ളികൾക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞതായി നേരത്തേ പൊലീസ് തന്നെ അറിയിച്ചിരുന്നു. ഒരു പള്ളി വിജയ് ചൗക്കിനരികെയും മറ്റൊന്ന് പൊലീസ് സ്റ്റേഷനടുത്തുമാണ് സ്ഥിതിചെയ്യുന്നത്. രണ്ടു പള്ളികൾക്കും കേടുപറ്റിയിട്ടുണ്ട്. തീയിട്ടവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് നൂഹ് എസ്.പി വരുൺ സിംഗ്ല പറഞ്ഞു. സംഭവം അറിഞ്ഞയുടൻ അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു. സമീപപ്രദേശങ്ങളിലുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഗുരുഗ്രാമിൽ മുസ്ലിം വിഭാഗത്തിൽപെട്ട രണ്ടു സഹോദരങ്ങളെ 30 അംഗ സംഘം ക്രൂരമായി മർദിച്ചതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച നൂഹിൽ കർഫ്യൂ ഇളവ് നിലവിൽവന്നിട്ടുണ്ട്. കാലത്ത് പത്തു മുതൽ ഉച്ച ഒന്നുവരെ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായാണ് ഇളവ് അനുവദിച്ചതെന്ന് നൂഹ് ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് പൻവർ പറഞ്ഞു. വ്യാഴാഴ്ച ഉച്ച ഒന്നു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. ഹരിയാനയിൽ ‘സി.ഇ.ടി ഗ്രൂപ് സി. പരീക്ഷ’ നടക്കുന്നതിനാൽ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻവേണ്ടിയാണ് ഇന്റർനെറ്റ് നിരോധനത്തിന് ഇളവു നൽകിയത്.
നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിൽ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബാദ്ഷാപൂരിലും ‘ജയ് ശ്രീറാം’ വിളിച്ചെത്തിയവർ വൻതോതിൽ ആക്രമണം നടത്തി. തിങ്കളാഴ്ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതുവരെ പൊലീസ് 93 കേസുകളെടുത്തിട്ടുണ്ട്. 180ഓളം േപർ അറസ്റ്റിലായി. നൂഹിൽ 46ഉം ഗുരുഗ്രാമിൽ 23ഉം ഫരീദാബാദിലും രേവാരിയിലും മൂന്നു വീതവും പൽവലിൽ 18ഉം കേസുകളാണ് എടുത്തത്. സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെക്കുന്നതും സ്വന്തം നിലക്ക് പോസ്റ്റുകളിടുന്നതും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാവരും സമാധാനത്തിനായി നിലകൊള്ളണെമന്നും അഭ്യർഥിച്ചു. പൊലീസിന് പുറമെ, അർധ സൈനികരും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ജൂലൈ 31നുണ്ടായ ആക്രമണത്തിൽപെട്ട നൂഹ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജലി ജെയിനും അവരുടെ മൂന്ന് വയസ്സുള്ള മകളും സ്റ്റാഫും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് എഫ്.ഐ.ആറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.