രാജ്യത്ത് വിചാരണ തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ വിചാരണ തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും മുസ്‌ലിം വിചാരണത്തടവുകാർ കൂടുതലുള്ളത് അസം, പശ്ചിമ ബംഗാൾ, യു.പി സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര സർക്കാർ. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്.
വിചാരണ തടവുകാരിൽ ഗണ്യമായ അനുപാതം മുസ്‌ലിം സമുദായത്തിൽ നിന്നാണോ എന്ന് ചോദിച്ച വഹാബ് വിചാരണത്തടവുകാരുടെ സമുദായം തിരിച്ചുള്ള കണക്കുകളും ആവശ്യപ്പെട്ടിരുന്നു. മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ 2020 ഡിസംബർ 31 വരെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജയിലുകളിൽ മതം തിരിച്ചുള്ള വിചാരണത്തടവുകാരുടെ എണ്ണം നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ട 'പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ' എന്ന റിപ്പോർട്ട് ഉദ്ധരിച്ചു നൽകി.
ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം 2020ൽ രാജ്യത്ത് ആകെ 3,71,848 വിചാരണ തടവുകാരിൽ 25 ശതമാനം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. അതിൽ 72,790 പേരും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. യു.പി, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് മുസ്‌ലിം വിചാരണ തടവുകാർ കൂടുതലുള്ളത്. യു.പിയിൽ 28ഉം അസമിൽ 43ഉം പശ്ചിമ ബംഗാളിൽ 52ഉം ശതമാനം വിചാരണ തടവുകാരും മുസ്‌ലിംകളാണ്.
മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വിചാരണത്തടവുകാരുടെ എണ്ണക്കൂടുതൽ അവരോടുള്ള വിവേചനമാണ് കാണിക്കുന്നതെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. യു.പി, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. വിചാരണ തടവുകാർക്ക് വേഗത്തിലുള്ള വിചാരണയും നീതിയും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.