ഐ.ഐ.എമ്മുകളിൽ 60 ശതമാനത്തോളം ഒ.ബി.സി, എസ്.സി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒ.ബി.സി, എസ്.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ പകുതിയോളം ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ. ലോക്സഭയിൽ മൂന്ന് കോൺഗ്രസ് എം.പിമാർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഒ.ബി.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത തസ്തികകളിൽ 60 ശതമാനവും പട്ടിക ജാതി വിഭാഗക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ 40 ശതമാനവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റാണ്. ഇവിടെ പട്ടികജാതി-ഒ.ബി.സി വിഭാഗക്കാർക്ക് വേണ്ടിയുള്ള 60 ശതമാനം തസ്തികകളും പട്ടിക വർഗവിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 80 ശതമാനത്തോളം വരുന്ന തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. അതായത് പട്ടികവർഗ വിഭാഗത്തിന് വേണ്ടി സംവരണം ചെയ്ത 24 തസ്തികകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളത്.
സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഇത്തരത്തിൽ നിയമിക്കപ്പെടാതെ കിടക്കുന്ന ഒഴിവുകൾ നിയമിക്കപ്പെട്ട പ്രഫസർമാരുടെ എണ്ണത്തേക്കാൾ വലുതാണെന്ന വസ്തുതയും ഞെട്ടിക്കുന്നതാണ്. 42 യൂണിവേഴ്സിറ്റികളിലായി എസ്.ടി വിഭാഗത്തിൽ 709 അസിസ്റ്റന്‍റ് പ്രഫസർ തസ്തിക നിലവിലുള്ളപ്പോൾ 500 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. എസ്.ടി വിഭാഗത്തിൽപ്പെട്ട പ്രഫസർമാരുടെ കണക്ക് നോക്കുകയാണെങ്കിൽ 137 തസ്തികകളിൽ ഒൻപത് നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 93 ശതമാനം പോസ്റ്റുകൾ നിയമിക്കപ്പെട്ടിട്ടില്ല എന്നർഥം. പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത പോസ്റ്റുകൾ 1062 എണ്ണമുണ്ടെങ്കിലും ഇതിൽ പ്രഫസർമാരിൽ ഒരു ശതമാനം മാത്രമാണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്.
ഇതുപോലെ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്‍റ് പ്രഫസർ തസ്തികയായ 2,206 സീറ്റുകളിൽ 64 ശതമാനം മാത്രമാണ് നിയമനം നടന്നത്. ആകെയുള്ള 378 പ്രഫസർ തസ്തികയിൽ നിയമിച്ചിട്ടുള്ളത് അഞ്ച് പേരെ മാത്രം.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ആറു മാസത്തിനകം നിയമനം നടത്തണമെന്നും ഇല്ലെങ്കിൽ ഗ്രാൻഡ് റദ്ദാക്കുമെന്നും ചൂണ്ടിക്കാട്ടി യു.ജി.സി 2019 ജൂണിൽ യൂണിവേഴ്സിറ്റികൾക്ക് നിർദേശം നൽകിയിരുന്നു. ലോകസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 42 യൂണിവേഴ്സിറ്റികളിലായി 6,704 തസ്തികകളാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 75 ശതമാനവും സംവരണ വിഭാഗക്കാർക്കുവേണ്ടിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.