കേരളം, ബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ച; തമിഴ്നാട്ടിലും പുതുച്ചേരിയിലും ഭരണമാറ്റമെന്ന് സർവേ
text_fieldsകൊൽക്കത്ത: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമബംഗാളിലും അസമിലും നിലവിലെ സർക്കാറുകൾ ഭരണം നിലനിർത്തുമെന്നും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഭരണമാറ്റമുണ്ടാകുമെന്നും അഭിപ്രായ സർവേ. കേരളത്തിൽ 85 സീറ്റ് നേടി ഇടതുമുന്നണി സർക്കാർ അധികാരം നിലനിർത്തുമെന്നും യു.ഡി.എഫ് 53 സീറ്റുകളേ നേടൂവെന്നും എ.ബി.പി ന്യൂസ്-സി വോട്ടർ സർവേ പ്രവചിക്കുന്നു.
ബി.ജെ.പി ഭരണം പിടിക്കാൻ ആഞ്ഞുശ്രമിക്കുന്ന ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ആകെയുള്ള 294 സീറ്റുകളിൽ 154-162 എണ്ണം വരെ നേടുമെന്നും ബി.ജെ.പി 98-106 സീറ്റുകളുമായി രണ്ടാമതെത്തുമെന്നും സർവേ പറയുന്നു. കോൺഗ്രസ്-ഇടതുമുന്നണി സഖ്യം 26-34 സീറ്റുകളും നേടും. വോട്ടുവിഹിതത്തിൽ ടി.എം.സിക്ക് 43 ശതമാനവും ബി.ജെ.പിക്ക് 37.5 ശതമാനവും ലഭിക്കും. 2016ൽ ടി.എം.സിക്ക് 211, കോൺഗ്രസിനും ഇടതിനും കൂടി 76, ബി.ജെ.പിക്ക് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
234 അംഗ തമിഴ്നാട് നിയമസഭയിൽ 162 സീറ്റുകളുമായി ഡി.എം.കെയുടെ നേതൃത്വത്തിലുള്ള, കോൺഗ്രസും മറ്റു പ്രാദേശിക പാർട്ടികളുമടങ്ങിയ യു.പി.എ സഖ്യം ഭരണം പിടിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 64 സീറ്റിലൊതുങ്ങുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് 136ഉം യു.പി.എക്ക് 98ഉം ആയിരുന്നു സീറ്റ്.
അസമിൽ ഭരണകക്ഷിയായ ബി.ജെ.പി കഴിഞ്ഞ തവണത്തെക്കാൾ നാലെണ്ണം അധികം നേടി 77 സീറ്റുമായി ഭരണം നിലനിർത്തും. 126 സീറ്റുള്ള നിയമസഭയിൽ യു.പി.എക്ക് 40 സീറ്റും എ.ഐ.യു.ഡി.എഫിന് ഏഴു സീറ്റും പ്രവചിക്കുന്നു. 2016ൽ യു.പി.എ 36, എ.ഐ.യു.ഡി.എഫ് 13 എന്നിങ്ങനെയായിരുന്നു കക്ഷിനില.
140 അംഗ കേരള നിയമസഭയിൽ കഴിഞ്ഞ തവണ 91 സീറ്റുകളാണ് ഇടതുമുന്നണി നേടിയിരുന്നത്. യു.ഡി.എഫ് 47ഉം നേടി. പുതുച്ചേരിയിൽ ഭരണകക്ഷിയായ കോൺഗ്രസ് -ഡി.എം.കെ സഖ്യത്തിന്, 30 അംഗ സഭയിൽ 14 സീറ്റുകൾ നേടാനേ കഴിയൂവെന്നും എൻ.ഡി.എക്ക് 16 സീറ്റുവരെ ലഭിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2016ൽ കോൺഗ്രസ് -ഡി.എം.കെ സഖ്യത്തിന് 17ഉം എൻ.ഡി.എക്ക് 12ഉം സീറ്റാണ് ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.