'വോട്ടെടുപ്പിൽനിന്ന് മുമ്പും വിട്ടുനിന്നിട്ടുണ്ട്'; ഫലസ്തീന് പിന്തുണ നൽകാത്തതിൽ വിശദീകരണവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ അന്വേഷിക്കാനുള്ള യു.എൻ മനുഷ്യാവകാശ സമിതിയിലെ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാട് പുതിയ കാര്യമല്ലെന്നും മുൻ അവസരങ്ങളിലും രാജ്യം ഇത്തരത്തിൽ നിലപാട് എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഫലസ്തീൻ വിദേശകാര്യ മന്ത്രിയുടെ കത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രം.
യു.എൻ.എച്ച്.ആർ.സിയിൽ ഇന്ത്യ വിട്ടുനിന്നതോടെ, ഫലസ്തീൻ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് കത്തെഴുതിയത്.
"വിട്ടുനിന്ന എല്ലാ രാജ്യങ്ങൾക്കും ഫലസ്തീൻ സമാനമായ കത്തുകൾ എഴുതി. ഞങ്ങൾ സ്വീകരിച്ച നയം ഒരു പുതിയ നടപടിയല്ല. മുമ്പും ഇത്തരം അവസരങ്ങളിൽ വിട്ടുനിന്നിട്ടുണ്ട്. അത് ഞങ്ങളുടെ നിലപാട് വ്യക്തമായി വിശദീകരിക്കുന്നു. കൂടാതെ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമാണ്' -വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഉത്തരവാദിത്തം, നീതി, സമാധാനം എന്നിവയിലേക്കുള്ള പാതയിൽ നിർണായകവും ദീർഘകാല അടിസ്ഥാനത്തിലുള്ളതുമായ വഴിത്തിരിവിൽ പങ്കുചേരാനുള്ള അവസരം ഇന്ത്യ നഷ്‌ടപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി ജയ്‌ശങ്കറിന് അയച്ച കത്തിൽ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി സൂചിപ്പിച്ചിരുന്നു.
ഗസ്സയിലെ ഇസ്രയേൽ നരനായാട്ട് അന്വേക്കുന്നതിന് കമീഷൻ രൂപീകരിക്കാൻ നിർദേശിച്ചുള്ള പ്രമേയത്തിൻെറ വോട്ടെടുപ്പിൽ യു.എൻ.എച്ച്.ആർ.സിയിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നത്. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലാൻഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ.
മേയ് 27 ന് ജനീവയിൽ അംഗീകരിച്ച പ്രമേയത്തെ 24 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഒമ്പത് രാജ്യങ്ങൾ എതിർത്തു. പ്രമേയത്തെ അനുകൂലിച്ച് പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ വോട്ട് ചെയ്തു. ജർമനി, യു.കെ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ എതിർത്തു.
മെയ് 27ന് യു.എൻ.എച്ച്.ആർ.സിയിൽ നടത്തിയ പ്രസ്താവനയിൽ, 'നീതിപൂർവമായ ഫലസ്തീൻ ലക്ഷ്യത്തിന് ശക്തമായ പിന്തുണ നൽകും' എന്ന കഴിഞ്ഞ കാലത്തെ പ്രസ്താവനകളിൽനിന്ന് ഇന്ത്യ പിന്നാക്കം പോയിരുന്നു. 'നീതിപൂർവമായ ഫലസ്തീൻ ലക്ഷ്യത്തോടുള്ള ഇന്ത്യയുടെ ശക്തമായ പിന്തുണയും ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആവർത്തിക്കുന്നു' എന്നാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മെയ് 16ന് യു.എൻ സുരക്ഷാ സമിതിയിൽ പറഞ്ഞത്.
എന്നാൽ, മെയ് 20ന് സ്ഥിരം പ്രതിനിധി യു.എൻ പൊതുസഭയിൽ നടത്തിയ പ്രസ്താവനയിൽ 'നീതിപൂർവമായ ഫലസ്തീൻ ലക്ഷ്യത്തിനുള്ള ശക്തമായ പിന്തുണ' എന്നത് ഒഴിവാക്കി. പിന്നീട് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ ഇസ്രായേലിന് അനുകൂലമായ നയം സ്വീകരിക്കുകയായിരുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസടക്കം രംഗത്തുവന്നിരുന്നു. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ പരമ്പരാഗത നിലപാടിൽനിന്നും പിന്നോട്ടുപോയതിൽ ആശങ്കയുണ്ടെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുകയെന്ന ദ്വിരാഷ്ട്ര സങ്കൽപ്പത്തോടൊപ്പമായിരുന്നു ഇന്ത്യയുടെ നിലപാട്. ഇരുവിഭാഗവും വെടിനിർത്തലിനെ മാനിക്കുകയും സമാധാന ചർച്ചകളിലേക്ക് മടങ്ങുകയും വേണം. ഇസ്രായേലിെൻറയും ഫലസ്തീെൻറയും ആർഥവത്തായ സമാധാനപരമായ സഹവർത്തിത്വത്തിന് ഇതല്ലാതെ മറ്റൊരു വഴിയുമില്ല. ഇരുവിഭാഗവുമായും മികച്ച ബന്ധമുള്ള രാജ്യമെന്ന നിലയിൽ ഗുണത്തിന് വേണ്ടി ഫലസ്തീനോടുള്ള പ്രതിബദ്ധത നമ്മൾ മറക്കരുത്. ഗസ്സയിൽ നടന്ന ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ നമ്മുടെ രാജ്യത്തിൻെറ നിലപാടിൽ അതിയായ ആശങ്ക രേഖപ്പെടുത്തുന്നു എന്നായിരുന്നു കോൺഗ്രസിൻെറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.