അസംബന്ധം, നിർഭാഗ്യകരം; കെജ്രിവാളിന്റെ മോദിയുടെ വിരമിക്കൽ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരമിക്കൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനനീക്കം എന്നിവയെക്കുറിച്ചുള്ള ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിൻ്റെ പരാമർശം അസംബന്ധവും നിർഭാഗ്യകരവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാഷ്ട്രീയം കള്ളങ്ങൾ കൊണ്ട് നടത്തിയെടുക്കാൻ സാധിക്കില്ലെന്നും സത്യത്തിലൂടെയാണ് ശരിയായ രാഷ്ട്രീയം മുന്നോട്ടുപോകുകയെന്നും സിങ് പറഞ്ഞു.
" ഡൽഹി മുഖ്യമന്ത്രി പറയുന്നത് മോദി 2024 തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാകില്ല എന്നാണ്. അത്ഭുതം തോന്നുന്നു. അടുത്ത ദിവസമാണ് കെജ്രിവാൾ ജയിലിൽ നിന്നും ഇറങ്ങിയത്. കുറച്ചുദിവസത്തിന് ശേഷം തിരികെ പോവുകയും വേണം. അതിനിടയിലാണ് അദ്ദേഹം മോദിജിയെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത്. 2024ലും 2029ലും മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തിന്റെ ആഗ്രഹം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചും കെജ്രിവാൾ അപകീർത്തി പരാമർശം നടത്തിയിരുന്നു. മോദിജി പ്രധാനമന്ത്രിയാകില്ല, യോഗിജി മുഖ്യമന്ത്രിയാകില്ല.. അതായത് പറഞ്ഞുവരുന്നത് ആകെ കെജ്രിവാൾ മാത്രം ഉണ്ടാകുമെന്നാണ്. പ്രഗത്ഭവും ശക്തവുമായ അധികാരികളെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന്റെ പൊരുൾ വ്യക്തമാകുന്നില്ല," സിങ് കൂട്ടിച്ചേർത്തു.
ഡൽഹിയിലെ വികസനത്തെ കുറിച്ച് സിങ് നിരവധി നുണകൾ പറയുന്നുണ്ട്. എന്താണ് ഡൽഹിയിലെ വികസനം? ഡൽഹയിൽ എന്തെങ്കിലും വികസനമുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പരമാവധി ക്രെഡിറ്റും പ്രധാനമന്ത്രി മോദിക്കാണെന്നും സിങ് പറഞ്ഞു.
നേരത്തെ വാർത്താസമ്മേളനത്തിൽ മോദി 75 വയസ് പൂർത്തിയാക്കാറായെന്നും അതിനാൽ സ്ഥാനമൊഴിഞ്ഞ് അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. അമിത് ഷായുടെ വഴിയിൽ തടസമായി വരാൻ സാധ്യതയുള്ള ഏക വ്യക്തി യോഗി ആദിത്യനാഥാണ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ യോഗിയെ രണ്ട് മാസത്തിനകം അവർ പുറത്താക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.