സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ്: പുണെയിൽ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി
text_fieldsപുണെ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പുണെയിൽ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കർ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്.
സ്വകാര്യ ഓഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കുക, അഡീഷനൽ കലക്ടർ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബർ കൈവശപ്പെടുത്തുക, അനുമതിയില്ലാതെ നെയിം ബോർഡ് സ്ഥാപിക്കുക തുടങ്ങിയ ആരോപണങ്ങളും യുവ ഓഫിസർക്കെതിരെയുണ്ട്. ഇവർ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉണ്ട്.
നിലവിലെ തസ്തികയിൽ ലഭ്യമല്ലാത്ത സൗകര്യങ്ങളാണ് ഇവർ ആവശ്യപ്പെട്ടത്. മകളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ പൂജ ഖേദ്കറിൻ്റെ പിതാവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
അധികാര ദുർവിനിയോഗം കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാറാണ് നടപടി എടുത്തത്. 2023 ബാച്ച് ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ഇവർ. പൂണെയിൽ നിന്ന് വാഷിമിലേക്കാണ് സ്ഥലം മാറ്റിയത്. പുണെ കലക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. സ്വകാര്യ കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന ബോർഡും ഇവർ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.