Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരു സർവകലാശാലയിൽ...

മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പിക്കാരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
shamsul islam
cancel
camera_alt

മംഗളൂരു സർവകലാശാല ചുമരിൽ 1857ലെ സ്വാന്ത്ര്യസമര രക്തസാക്ഷികളുടെ പേരുകൾ പതിച്ച് ഡോ. ശംസുൽ ഇസ്‌ലാം സംസാരിക്കുന്നു

മംഗളൂരു: മംഗളൂരു സർവകലാശാലയിൽ ഡൽഹി സർവകലാശാല മുൻ പൊളിറ്റിക്കൽ സയൻസ് അസോ. പ്രൊഫസർ ഡോ. ശംസുൽ ഇസ്‌ലാം പ്രഭാഷണം നടത്തുന്നത് തടയാൻ പ്രതിഷേധം സംഘടിപ്പിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽ നിന്ന് രക്തസാക്ഷിത്വം വരിച്ച 132 ധീര ദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ പ്രതിഷേധ അന്തരീക്ഷത്തിൽ ശംസുൽ ഇസ്‌ലാം പ്രദർശിപ്പിച്ചു.

ബി.വി. കക്കില്ലായ അനുസ്മരണ പ്രഭാഷണം നടത്തിയ വേദിക്ക് പുറത്ത് തീവ്ര ഹിന്ദുത്വ പ്രവർത്തകർ 'ഗോ ബാക്ക് ശംസുൽ' പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

ഒന്നാം രാജ്യസഭയിലും പ്രഥമ കർണാടക നിയമസഭയിലും അംഗമായിരുന്ന, 1919ൽ ജനിച്ച് 2012ൽ അന്തരിച്ച, കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനും എ.ഐ.ടി.യു.സി നേതാവുമായ കക്കില്ലായയുടെ സ്വതന്ത്ര്യസമര ജീവിതം പുതുതലമുറക്ക് പകരുക ലക്ഷ്യമിട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര രക്തസാക്ഷിത്വം ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടി ബംഗളൂരു ഹൊസടു മാസിക, മംഗളൂരു സമദർശി വേദി എന്നിവയുമായി സഹകരിച്ച് മംഗളൂരു സർവകലാശാല ചരിത്ര വിഭാഗമാണ് സംഘടിപ്പിച്ചത്.

എ.ബി.വി.പി പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ

പ്രഭാഷകനെ തീരുമാനിച്ചത് മുതൽ തീവ്ര ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ശനിയാഴ്ച ആദ്യം പ്ലക്കാർഡുമായി പി.യു തലത്തിലെ എ.ബി.വി.പി വിദ്യാർഥികളാണ് പ്രതിഷേധം നടത്തിയത്. സംഘാടകർ പിന്തിരിയുന്നില്ലെന്ന് അറിഞ്ഞതോടെ മുതിർന്ന വിദ്യാർഥികൾ സംഘടിച്ച് എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റി.

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ രക്തസാക്ഷികളായവരിൽ 132 കർണാടകക്കാരുമുണ്ടെന്ന് പ്രഭാഷണത്തിൽ ശംസുൽ ഇസ്‌ലാം പറഞ്ഞു. ഇതിൽ ഹിന്ദുവും മുസ്‌ലിമും സിഖും പാഴ്സിയും വിവിധ ജാതികളിൽപെട്ടവരും ഉണ്ട്. ഈ കണക്കുകളും പേരുകളും കേന്ദ്ര സർക്കാറിന്‍റെ ഔദ്യോഗിക രേഖകളിൽ നിന്ന് തന്നെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇളംതലമുറയിൽ ദേശവിരുദ്ധത കുത്തിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ ചെറുക്കുമെന്നും എ.ബി.വി.പി നേതാവ് ശരൺ ബജെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPMangaluru UniversityShamsul Islam
News Summary - ABVP activists arrested for blocking Shamsul Islam in Mangaluru University
Next Story