ജെ.എൻ.യുവിൽ മാംസഭക്ഷണം തടഞ്ഞ് എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണം
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ രാമനവമിപൂജയുടെ പേരിൽ മാംസഭക്ഷണം തടഞ്ഞ് എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണം. ഡൽഹി പൊലീസും സർവകലാശാല സുരക്ഷാജീവനക്കാരും നോക്കിനിൽക്കെ എ.ബി.വി.പിക്കാർ ദണ്ഡുകളും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. അടിയേറ്റ് തലപൊട്ടി രക്തമൊലിക്കുന്ന നിലയിലാണ് പല വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജെ.എൻ.യുവിലെ കാവേരി ഹോസ്റ്റലിലേക്കു പതിവായി കൊണ്ടുവന്നിരുന്ന കോഴിയിറച്ചി ഞായറാഴ്ച കാമ്പസിൽ രാമനവമിപൂജയുണ്ടെന്നു പറഞ്ഞ് എ.ബി.വി.പിക്കാർ 'നിരോധിച്ച'തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹോസ്റ്റൽ വാർഡനെ സ്വാധീനിച്ച് ഞായറാഴ്ച മാംസഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയത് വിദ്യാർഥികളായ ഹോസ്റ്റൽ സെക്രട്ടറിമാർ അംഗീകരിച്ചിരുന്നില്ല. പതിവുപോലെ കോഴിയിറച്ചി കൊണ്ടുവരാൻ അവർ വിതരണക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഉച്ചക്ക് മാംസവുമായി വന്ന വിതരണക്കാരനെ എ.ബി.വി.പിക്കാർ ഭീഷണിപ്പെടുത്തി ഓടിച്ച് കാമ്പസിൽ തങ്ങളുടെ പൂജാചടങ്ങുമായി മുന്നോട്ടുപോയി. രാമനവമിപൂജ ആറുമണിയോടെ അവസാനിക്കുകയും ചെയ്തു.
അതിനുശേഷം മാംസനിരോധനം ചോദ്യംചെയ്ത് രംഗത്തുവന്ന ഇടതു വിദ്യാർഥി സംഘടന നേതാക്കൾ അടക്കമുള്ള വിദ്യാർഥികളെ രാത്രി കാവേരി ഹോസ്റ്റലിനു മുന്നിൽ എ.ബി.വി.പിക്കാർ ആയുധങ്ങളുമായി നേരിട്ടു. ട്യൂബ് ലൈറ്റുമായി എ.ബി.വി.പിക്കാർ തന്നെ ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ശാരീരികമായി കൈയേറ്റം ചെയ്തെന്നും പരിക്കേറ്റ ഡോലൻ സാമന്ത എന്ന ഇടതുപക്ഷ വിദ്യാർഥി നേതാവ് പറഞ്ഞു. അഖ്താറിസ്ത അൻസാരി അടക്കമുള്ള നിരവധി പേരെ ക്രൂരമായി മർദിച്ചുവെന്നും അവർ പറഞ്ഞു. ഡൽഹി പൊലീസിനെയും ജെ.എൻ.യു അധികാരികളെയും വിളിച്ചെങ്കിലും അക്രമം തടയാൻ നടപടി ഉണ്ടായില്ലെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പറഞ്ഞു.
വിദ്വേഷ രാഷ്ട്രീയവും ഭിന്നിപ്പിക്കുന്ന അജണ്ടയുമായി എ.ബി.വി.പി പ്രവർത്തകർ കാവേരി ഹോസ്റ്റലിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ കുറ്റപ്പെടുത്തി. ജെ.എൻ.യു ഹോസ്റ്റലുകളിലെ മെനുവിൽ സസ്യാഹാരവും മാംസാഹാരവും ഉണ്ടെന്നും വിദ്യാർഥികൾ അവരുടെ ഇഷ്ടപ്രകാരമുള്ള ഭക്ഷണം കഴിച്ചുവരുകയായിരുന്നുവെന്നും യൂനിയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.