എ.ബി.വി.പി വിലക്ക്; രാമചന്ദ്ര ഗുഹ ഗുജറാത്തിൽ പഠിപ്പിക്കില്ല
text_fieldsന്യൂഡൽഹി: ആർ.എസ്.എസിെൻറ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ വിലക്കിനെ തുടർന്ന് അഹ്മദാബാദ് സർവകലാശാലയിൽ പഠിപ്പിക്കാനുള്ള തീരുമാനം ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ ഉപേക്ഷിച്ചു. എ.ബി.വി.പി തനിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
‘എെൻറ നിയന്ത്രണത്തിനതീതമായ കാരണങ്ങളാൽ അഹ്മദാബാദ് സർവകലാശാലയിൽ ഞാൻ ചേരുന്നില്ല. സർവകലാശാലക്ക് എെൻറ എല്ലാ ഭാവുകങ്ങളും. മികച്ച വൈസ്ചാൻസലറും അധ്യാപകരും സർവകലാശാലക്കുണ്ട്. ഗാന്ധിയുടെ ആശയചൈതന്യം അദ്ദേഹത്തിെൻറ സ്വന്തം നാട്ടിൽ സജീവമാകാനിടയാകെട്ട എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ 16നാണ് ഗാന്ധി സ്കൂള്‍ ഡയറക്ടറായും ഹ്യൂമാനിറ്റീസ് പ്രഫസറായും രാമചന്ദ്രഗുഹയെ നിയമിക്കുമെന്ന് അഹ്മദാബാദ് സര്‍വകലാശാല അധികൃതർ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന്, എ.ബി.വി.പി പ്രതിഷേധവുമായി രംഗത്തുവന്നു. ഹിന്ദു സംസ്കാരത്തെ വിമർശിക്കുന്നയാളാണ് രാമചന്ദ്ര ഗുഹ. അദ്ദേഹത്തിെൻറ എഴുത്തുകൾ വിഭാഗീയ പ്രവണതകൾ വളർത്തുന്നതും സ്വാതന്ത്ര്യത്തിെൻറ പേരിൽ ഭീകരവാദികളെ അഴിഞ്ഞാടാൻ അനുവദിക്കുന്നതുമാണ്. ഗുജറാത്തിലേക്ക് അയാള്‍ വന്നാല്‍ ജെ.എൻ.യു പോലെ ദേശവിരുദ്ധ മനോഭാവം ഇവിടെയുമുണ്ടാകുമെന്നുമാണ് എ.ബി.വി.പി പറയുന്നത്.
ഇന്ത്യയില്‍നിന്നും ജമ്മു-കശ്മീരിനെ വേർപെടുത്തുക, വ്യക്തി സ്വാതന്ത്ര്യത്തിെൻറ പേരില്‍ ഭീകരരെ മോചിപ്പിക്കുക തുടങ്ങിയവയാണ് ഇയാളുടെ രചനകളുടെ ഉള്ളടക്കം. രാജ്യദ്രോഹികെളയോ നഗര കേന്ദ്രീകൃത നക്സലുകെളയോ അല്ല, ബുദ്ധിശാലികളെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നും വ്യക്തമാക്കി സർവകലാശാലക്ക് എ.ബി.വി.പി പരാതി നൽകുകയും ചെയ്തു.
അതേസമയം, രാമചന്ദ്രൻ ഗുഹ ഒൗദ്യോഗികമായി തങ്ങളെ ഒന്നും അറിയിച്ചിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കി. വൈസ്ചാൻസലർ വിദേശത്താണെന്നും സർവകലാശാല ഇതിൽ തീരുമാനം എടുത്തിട്ടില്ലെന്നും രജിസ്ട്രാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.