കോവിഷീല്‍ഡും കോവാക്‌സിനും അഗീകരിക്കണം; ഇല്ലെങ്കിൽ ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റീൻ -യൂറോപ്യന്‍ യൂനിയനോട് നിലപാട് കടുപ്പിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ജൂലൈ ഒന്ന് മുതൽ യൂറോപ്യൻ യൂനിയന്‍റെ വാക്സിൻ പാസ്പോർട്ട് നയം നിലവിൽ വരും. ഈ നയത്തിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെട്ടിട്ടില്ല. ഇത് ഈ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി കോവിഷീൽഡും കോവാക്സിനും അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിർബന്ധിത ക്വാറന്‍റീനിൽ നിന്ന് ഒഴിവാക്കമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്സപരം സഹകരണത്തിന്‍റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഫൈസർ, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോൺസൻ ആൻഡ് ജോൺസൻ എന്നീ കോവിഡ് വാക്സിനുകൾക്കാണ് യൂറോപ്യൻ യൂനിയൻ അംഗീകാരം നൽകിയിട്ടുള്ളത്. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പാണ് കോവിഷീൽഡ് എന്നിരിക്കെ, അതിനെ അവർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ യൂനിയൻ അംഗീകരിച്ച വാക്സിൻ കുത്തിവെച്ചവർക്ക് മാത്രമേ വാക്സിനേഷൻ പാസ്പോർട്ട് നൽകുകയും അംഗരാജ്യങ്ങളിൽ യാത്രയ്ക്കുള്ള അനുമതിയും നൽകൂവെന്നാണ് റിപ്പോർട്ട്.
'കോവിൻ പോർട്ടൽ വഴി ലഭ്യമായ വാക്സിൻ സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചാൽ സമാനമായ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് യൂറോപ്യൻ യൂനിയനെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ യൂറോപ്യൻ യൂനിയന്‍റെ കോവിഡ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ നിർബന്ധിത ക്വാറന്‍റീനിൽ നിന്ന് ഒഴിവാക്കിത്തരാമെന്നും അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിൽ നിർബന്ധിത ക്വാറന്‍റീനിൽ ഇരിക്കേണ്ടി വരും'- വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.