ഒടുവിൽ പ്രിയങ്ക ഏർപ്പെടുത്തിയ ബസുകൾക്ക് അനുമതി നൽകി യോഗി സർക്കാർ
text_fieldsലഖ്നോ: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവരുന്നതിന് കിഴക്കൻ യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയ ആയിരം ബസുകൾക്ക് യോഗി സർക്കാർ യാത്രാനുമതി നൽകി.
പ്രിയങ്ക രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുന്നയിച്ച് രണ്ട് ദിവസം വൈകിച്ച ശേഷമാണ് ബസുകൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് യു.പിയിലേക്ക് തൊഴിലാളികളെ കൊണ്ടുവരാൻ ആയിരം ബസുകൾ ഒരുക്കാമെന്നും അവയുടെ ചെലവ് വഹിക്കാമെന്നും കാട്ടി ശനിയാഴ്ചയാണ് പ്രിയങ്ക യോഗി ആദിത്യനാഥിന് കത്ത് നൽകിയത്.
രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരാൻ ഞായറാഴ്ച 500 ബസുകൾ ഒരുക്കുകയും ചെയ്തു. എന്നാൽ ഇവ അതിർത്തി കടക്കാൻ യു.പി സർക്കാർ അനുമതി നൽകിയില്ല.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ആൽവാർ, ഭരത്പുർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരാനാണ് 500 ബസുകൾ തയാറാക്കിയത്. ഇവ യു.പി അതിർത്തിയായ മഥുരക്കടുത്തുള്ള ബഹജ് ഗോവർധനിൽ തടയുകയായിരുന്നു.
തുടർന്ന് കാലിയായ ബസുകളുടെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രിയങ്ക, ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചിരുന്നു. "ആഹാരവും വെള്ളവുമില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വന്തം വീടുകളിലെത്താൻ ദുരിതയാത്ര നടത്തുന്നത്. നമുക്ക് അവരെ സഹായിക്കാം" -പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ബസുകൾക്ക് യാത്രാനുമതി നൽകിയുള്ള കത്ത് യു.പി അഡീഷനൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിയാണ് കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയത്. ഏർപ്പാട് ചെയ്തിരിക്കുന്ന ബസുകളുടെ നമ്പർ, ഡ്രൈവർ അടക്കമുള്ള ജീവനക്കാരുടെ വിവരങ്ങൾ എന്നിവ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
540 ശ്രാമിക് പ്രത്യേക ട്രെയിനുകളിലായി ഇരുവരെ 7.6 ലക്ഷം തൊഴിലാളികൾ യു.പിയിലെത്തിയെന്ന് ആവാനിഷ് അവസ്തി പറഞ്ഞു. ഗുജറാത്തിൽ നിന്ന് 275ഉം മഹാരാഷ്ട്രയിൽ നിന്ന് 144 ഉം പഞ്ചാബിൽ നിന്ന് '101 ഉം തെലങ്കാനയിൽ നിന്ന് 60 ഉം ട്രെയിനുകളാണ് സർവിസ് നടത്തിയത്.
സ്വന്തം നാട്ടിലേക്കെത്താൻ വാഹനസൗകര്യം ലഭിക്കാതെ പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നടന്നലയുന്ന തൊഴിലാളികളെ സഹായിക്കാൻ നടത്തിയ ശ്രമത്തിന് അനുമതി നൽകാത്ത ബി.ജെ.പി സർക്കാറിനെതിരെ വ്യാപക പ്രതിഷേധം കോൺഗ്രസ് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.