ആകസ്മികതകളിൽ ഒരു പ്രധാനമന്ത്രി
text_fieldsകോൺഗ്രസിനേക്കാൾ സഖ്യകക്ഷികൾക്കും ഇടതുപാർട്ടികൾക്കുമാണ് മൻമോഹൻ സിങ്ങിെൻറ കടന്നുവരവ് അവിചാരിതമായത്. ആകസ്മികമായി കടന്നുവന്ന പ്രധാനമന്ത്രി. യു.പി.എ സഖ്യകക്ഷികൾക്കപ്പുറം, ഭരണസഖ്യത്തിെൻറ പുറംപിന്തുണക്കാരായ ഇടതു പാർട്ടികൾക്ക് മൻമോഹൻ സിങ്ങിനെ രാഷ്ട്രീയമായി അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു.
ആകസ്മികമായി കടന്നുവന്ന പ്രധാനമന്ത്രി. ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ. മൻമോഹൻസിങ്ങിനെ ഇന്ത്യൻ രാഷ്ട്രീയം കണ്ടത് അങ്ങനെയാണ്. ശരിയാണ്. അവിചാരിതമായിരുന്നു മൻമോഹൻ സിങ്ങിെൻറ വരവ്. പക്ഷേ, അത് മൻേമാഹൻസിങ്ങിെൻറ മാത്രം കാര്യമാണോ? ഇന്ദിര ഗാന്ധിക്കു ശേഷമുള്ള ഓരോ പ്രധാനമന്ത്രിയുടെയും കാര്യമെടുത്താൽ, അവരുടെയൊക്കെ കടന്നുവരവ് അവിചാരിതമായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദത്തിൽ പിറന്ന പ്രധാനമന്ത്രിമാർ.
ഇന്ദിര വെടിയേറ്റുമരിച്ച അസാധാരണ സാഹചര്യത്തിൽ രാജീവ് ഗാന്ധി. പിന്നെ ഓരോ രാഷ്ട്രീയ ചുറ്റുപാടുകളിൽ വി.പി. സിങ്, ചന്ദ്രശേഖർ, നരസിംഹറാവു, ദേവഗൗഡ, ഐ.കെ. ഗുജ്റാൽ, വാജ്പേയി. അവർ ഓരോരുത്തരെയും പ്രധാനമന്ത്രിമാരാക്കിയത് ദേശീയ രാഷ്ട്രീയത്തിലെ അസാധാരണമായ സാഹചര്യങ്ങൾതന്നെ. വാജ്പേയിയുടെ 13 ദിവസവും 13 മാസവും, പിന്നെ കാലാവധി പൂർത്തിയാക്കാത്ത മൂന്നാമൂഴവും അസാധാരണത്വങ്ങളായിരുന്നു.
പ്രധാനമന്ത്രിപദത്തിൽ ഇന്ന് രണ്ടാമൂഴക്കാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പിനെ നയിച്ചാണ്. എന്നാൽ, എൽ.കെ. അദ്വാനി അടക്കമുള്ളവരെ പിന്തള്ളി മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായി മാറിയത് ബി.ജെ.പിക്കുള്ളിലെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ്. ജ്യോതിബസുവിനാകട്ടെ, കൈവെള്ളയിൽ വന്ന പ്രധാനമന്ത്രിപദം സ്വന്തം പാർട്ടിയായ സി.പി.എം തട്ടിത്തെറിപ്പിച്ച അനുഭവമാണുണ്ടായത്.
മൻമോഹൻ സിങ്ങിെൻറ വരവിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ, ആകസ്മികമായിരുന്നോ ആ വരവ്? അല്ലെന്നു കാണാൻ കഴിയും. അതിനു കാരണമുണ്ട്. കോൺഗ്രസ് വീണ്ടുമൊരിക്കൽ അധികാരത്തിൽ വന്നാൽ സോണിയ ഗാന്ധിയല്ലാതെ മറ്റേതു പ്രധാനമന്ത്രി എന്നേ കോൺഗ്രസുകാർക്ക് ചിന്തിക്കാനാവൂ. പാർട്ടിയെ നയിക്കുന്ന നെഹ്റു കുടുംബാംഗത്തിനുള്ളതാണ് സ്വാഭാവികമായും പ്രധാനമന്ത്രിപദം. നെഹ്റു കുടുംബത്തിൽനിെന്നാരാൾ ഇല്ലാതിരുന്ന കാലത്താണ് നരസിംഹറാവു രാഷ്ട്രീയ ചാണക്യനും പ്രധാനമന്ത്രിയുമായി തിളങ്ങിയത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സോണിയ ഗാന്ധിയാണ്. സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് കോൺഗ്രസിനെ നടത്തിയതും സോണിയതന്നെ. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള പൊതുഅജണ്ടക്കു കീഴിൽ ഒന്നിച്ച യു.പി.എ സഖ്യകക്ഷികൾക്കോ പുറമെനിന്ന് പിന്തുണക്കാൻ തീരുമാനിച്ച ഇടതു പാർട്ടികൾക്കോ സോണിയ പ്രധാനമന്ത്രിയാവുന്നതിൽ എതിർപ്പില്ലായിരുന്നു. എന്നിട്ടും സോണിയ പ്രധാനമന്ത്രിയായില്ല. സോണിയ പ്രധാനമന്ത്രിയാകാൻ പറ്റില്ലെന്ന്, പാടില്ലെന്ന് ബി.ജെ.പി മുൻകൂട്ടി തീരുമാനിച്ചിരുന്നു. അക്കാര്യം വ്യക്തമായി അറിയുന്നവർ ചിന്തിച്ചത്, സാഹചര്യങ്ങൾ ഒത്തുവന്നാൽപോലും സോണിയ പ്രധാനമന്ത്രിയാകാൻ സാധ്യത കുറവായിരിക്കും എന്നായിരുന്നു.
അതുതന്നെ സംഭവിച്ചു. 2004ലെ പൊതുതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് കോൺഗ്രസിന് ഭരിക്കാൻ അവസരമൊരുക്കിയാണ്. സോണിയക്കു വേണ്ടി മുറവിളികൾ. ‘വിദേശി’യായ സോണിയ പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്ത് കമണ്ഡലവുമായി സന്യസിക്കാൻ പോകുമെന്ന് ബി.ജെ.പി നേതാവ് സുഷമ സ്വരാജിെൻറ ഭീഷണി. മേയ്മാസച്ചൂടിൽ നിന്ന ഡൽഹിക്കൊപ്പം ദേശീയ രാഷ്ട്രീയവും തിളച്ചു. ‘വിദേശി’യെ പ്രധാനമന്ത്രിയാക്കിയാൽ സംഘ്പരിവാറിനും ബി.ജെ.പിക്കും അത് സർവകാല ആയുധം. കോൺഗ്രസിെൻറ അധ്യക്ഷ സ്ഥാനത്ത് സോണിയ ഇരുന്നതു മുതൽ കോൺഗ്രസിെൻറ വീക്ഷണം ‘ഇറ്റാലിയൻ ഗ്ലാസി’ലൂടെയാണെന്ന് ഗുജറാത്തിലും പുറത്തും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രവട്ടം പ്രസംഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നാൽ, അതിൽനിന്ന് ഇറങ്ങുന്നതുവരെ അധികാരം തനിക്ക് മുൾക്കിരീടമായിരിക്കുമെന്ന് സോണിയ തിരിച്ചറിഞ്ഞു. അതിനൊപ്പം മെറ്റാന്നുകൂടിയുണ്ടായിരുന്നു. സഖ്യകക്ഷി ഭരണത്തിന് നേതൃത്വം നൽകിയാൽ സഖ്യകക്ഷി സമ്മർദങ്ങളോട് നിരന്തരം ഏറ്റുമുട്ടേണ്ട സ്ഥിതി സോണിയക്ക് ഉണ്ടാകും. ഒറ്റക്കക്ഷി ഭരണം നടത്തിയ, തിരുവായ്ക്ക് എതിർവായില്ലാതെ ശീലിച്ച, നെഹ്റുകുടുംബാംഗങ്ങൾക്ക് അത് അസഹനീയമാവും. ഇത്തരം സമ്മർദങ്ങൾക്ക് നിന്നുകൊടുക്കേണ്ടിവരുന്നത് വിലയിടിക്കുന്നതുകൂടിയാകും.
ഇതിനെല്ലാമിടയിലായിരുന്നു സോണിയയുടെ പിന്മാറ്റം. അനുനയ ശ്രമങ്ങൾക്ക് നെഹ്റുകുടുംബം വഴങ്ങിയില്ല. അവസരം വരുന്ന നേരത്ത് പറയാൻ മാറ്റിവെച്ച രഹസ്യമായി തെൻറ അന്തഃരംഗത്തിെൻറ മന്ത്രണം പാർലമെൻറിെൻറ സെൻട്രൽ ഹാളിലെ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി വികാരനിർഭരയായി ഉരുക്കഴിച്ചു. രേണുക ചൗധരി മുതൽ നിരവധി വനിത അംഗങ്ങൾ അരുതെന്നു കേണു. പക്ഷേ, അതിനൊക്കെ മുേമ്പതന്നെ തനിക്ക് പറ്റിയ പകരക്കാരനെ സോണിയ കണ്ടുവെച്ചിരുന്നു.കോൺഗ്രസിെൻറ ബുദ്ധികേന്ദ്രമെന്ന് അന്നും എന്നും അഹങ്കരിച്ച പ്രണബ് മുഖർജി ഇക്കുറിയും കൊതിക്കാതിരുന്നില്ല.
ഇക്കുറിയും എന്നു പറയാൻ കാരണമുണ്ട്. ഇന്ദിരഗാന്ധി വധിക്കപ്പെട്ടപ്പോൾ, തൊട്ടുടനെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടത് താനായിരിക്കുമെന്ന് മുഖർജി പ്രതീക്ഷിച്ചതാണ്. ന്യായമായും അങ്ങനെ ആശിക്കാൻ പ്രണബിന് അവകാശമുണ്ട്. എന്നാൽ, ഇന്ദിരയുടെ മക്കൾക്കുവേണ്ടിയായിരുന്നു കോൺഗ്രസ് നേതാക്കൾ അലമുറയിട്ടത്. രാജീവ് ഗാന്ധി അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ അമരക്കാരനായി പൊടുന്നനെ കടന്നുവന്നു. പ്രണബ് മുഖർജി തിരശ്ശീലയുടെ ഒരു വശത്തേക്ക് ഒതുങ്ങിനിന്ന് പുതിയ നേതാവിന് വഴിയൊരുക്കി. സോണിയ പ്രധാനമന്ത്രിയാകാനില്ലാത്ത പുതിയ സാഹചര്യങ്ങളിലും പ്രണബ് കൊതിച്ചു. എന്നാൽ, കടന്നു വന്നത് മൻമോഹൻ സിങ്. സോണിയയുടെയും നെഹ്റുകുടുംബത്തിെൻറയും ആഗ്രഹം കൈയടിച്ചു പാസാക്കുന്ന പതിവുജോലി മാത്രമാണ് കോൺഗ്രസ് പ്രവർത്തക സമിതിക്ക് ഉണ്ടായിരുന്നത്.
എന്തുകൊണ്ട് മൻമോഹൻ? വിവരവും വിവേകവും സൗമ്യതയുമുള്ള മൻമോഹൻ സിങ്. പഞ്ചാബ് ഭീകരതയുെട കാലം മുതൽ കോൺഗ്രസിനോട് ക്ഷമിക്കാൻ മടിച്ച സിഖ് സമൂഹത്തിൽനിന്നൊരു പ്രതിനിധി. അതിനെല്ലാമുപരി, നെഹ്റുകുടുംബത്തിെൻറ വിശ്വസ്ത വിധേയൻ എന്നാണ്, എന്തുകൊണ്ട് മൻമോഹൻ എന്ന ചോദ്യത്തിന് ഉത്തരം. രാഷ്ട്രീയ തന്ത്രജ്ഞതയുടെ അഹങ്കാരവും തലക്കനവുമുള്ള മുഖർജി നെഹ്റുകുടുംബത്തിെൻറ മാർഗനിർദേശങ്ങൾക്കോ ആജ്ഞകൾക്കോ മുന്നിൽ കാലക്രമേണ ധിക്കാരം പുറത്തെടുത്തുവെന്ന് വരും. നരസിംഹറാവുവിെൻറയും സീതാറാം കേസരിയുടെയുമൊക്കെ ഓരോരോ പോക്കുകൾ നെഹ്റുകുടുംബാംഗങ്ങളെ പ്രയാസത്തിലാക്കിയിരുന്നുവെന്ന ചരിത്രംകൂടി ആ സംശയങ്ങൾക്ക് ആക്കംപകർന്നു.
നെഹ്റുകുടുംബം തന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കൽപോലും മൻമോഹൻ മറികടന്നില്ല. അത് പ്രധാനമന്ത്രിയാകുന്നതിനു മുമ്പും ശേഷവുമുള്ള ചരിത്രം. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് കോൺഗ്രസിനു വേണ്ടി പ്രണബ് മുഖർജി കൈപിടിച്ചുകൊണ്ടുവന്ന മൻമോഹൻ സിങ് അങ്ങനെ മുഖർജിയെത്തന്നെ കടത്തിവെട്ടി പ്രധാനമന്ത്രിപദത്തിലേക്ക് നടന്നു. മൻമോഹൻ സിങ്ങിെൻറ മന്ത്രിസഭയിൽ മുഖർജി പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായി. ഭരണകാര്യങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. മുഖർജിയോടുള്ള ബഹുമാനത്തിൽ മൻമോഹൻ ഒരിക്കലും ഒരു കുറവും വരുത്തിയില്ല. സോണിയയുടെയും മൻമോഹൻസിങ്ങിെൻറയും കൈത്താങ്ങിൽ മുഖർജി പ്രഥമ പൗരനായി രാഷ്ട്രപതിഭവനിലേക്ക് കടന്നെത്തിയത് രാഷ്ട്രീയത്തിെൻറ മറ്റൊരു വഴിത്തിരിവ്.
കോൺഗ്രസിനേക്കാൾ സഖ്യകക്ഷികൾക്കും ഇടതുപാർട്ടികൾക്കുമാണ് മൻമോഹൻ സിങ്ങിെൻറ കടന്നുവരവ് അവിചാരിതമായത്. ആകസ്മികമായി കടന്നുവന്ന പ്രധാനമന്ത്രി. യു.പി.എ സഖ്യകക്ഷികൾക്കപ്പുറം, ഭരണസഖ്യത്തിെൻറ പുറംപിന്തുണക്കാരായ ഇടതു പാർട്ടികൾക്ക് മൻമോഹൻ സിങ്ങിനെ രാഷ്ട്രീയമായി അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു. എല്ലാവർക്കും അറിയുന്ന വ്യക്തമായ കാരണം അതിനുണ്ട്. സാമ്പത്തിക ഉദാരീകരണ പ്രക്രിയക്ക് നരസിംഹറാവു തുടക്കമിട്ടത് മൻമോഹൻ സിങ്ങിനെ ധനമന്ത്രിയായി തെരഞ്ഞെടുത്തുകൊണ്ടാണ്.
സാമ്പത്തികരംഗത്ത് വൻവഴിത്തിരിവ് സൃഷ്ടിച്ച് മൻമോഹൻ പരിഷ്കരണം മുന്നോട്ടുനീക്കിയപ്പോൾ, അതിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നത് ഇടതുപാർട്ടികളാണ്. എന്നാൽ, ആ പ്രതിഷേധങ്ങളൊക്കെയും വകഞ്ഞുമാറ്റി പരിഷ്കരണത്തിെൻറ വഴിയിൽ ഇന്ത്യ മുന്നോട്ടുനീങ്ങി. സ്വയംസംരക്ഷണത്തിെൻറ വഴിയിലേക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തിരിച്ചുപോകുേമ്പാഴും, ഇന്ത്യയിൽ അത് അന്നത്തേക്കാൾ ശക്തമായി ഇന്നും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സാഹചര്യങ്ങളുടെ നിർബന്ധിതാവസ്ഥകൾക്കിടയിൽ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ ഇടതുപക്ഷവും സന്നദ്ധമായി. മൻമോഹൻ സിങ്ങിനോടും കോൺഗ്രസിനോടുമുള്ള ആ സന്ധിചെയ്യൽ നാലു വർഷത്തിനുശേഷം ആണവ കരാറുമായി യു.പി.എ സർക്കാർ മുന്നോട്ടുപോയേപ്പാൾ ഇടതുപക്ഷത്തിന് അവസാനിപ്പിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.