ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിദ്ധരാമയ്യയുടെ മകൻ ഇടപെെട്ടന്ന് ആരോപണം
text_fieldsബംഗളൂരു: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര ഇടപെട്ടുവെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമുള്ള തരത്തിലുള്ള വിഡിയോ പ്രചരിക്കുന്നു. സിദ്ധരാമയ്യക്ക് സ്ഥലംമാറ്റത്തിനുള്ള നിർദേശം മകൻ നൽകുന്ന തരത്തിലുള്ളതാണ് വിഡിയോ.
എന്നാൽ, ഇരുവരും എന്താണ് പറയുന്നതെന്ന് വ്യക്തമല്ല. വരുണ മണ്ഡലത്തിലെ മുൻ എം.എൽ.എ കൂടിയാണ് യതീന്ദ്ര. അതേസമയം, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിദ്ധരാമയ്യയുടെ മകൻ ഇടപെട്ടുവെന്നും ഇതാണ് വിഡിയോ തെളിയിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
മൈസൂരു ജില്ലയിലെ പൊതുപരിപാടിക്കിടെ യതീന്ദ്ര ഫോണിൽ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. താൻ തന്ന അഞ്ചുപേരുടെ പട്ടികയിൽ പറഞ്ഞ പ്രകാരം ചെയ്യണമെന്നാണ് ഇതിൽ യതീന്ദ്ര പറയുന്നത്. ഫോൺ സംഭാഷണം പിതാവായ സിദ്ധരാമയ്യയുമായാണ് നടന്നതെന്നും കൈക്കൂലിക്കായി മകൻ ഇടപെടുകയാണ് ചെയ്തതെന്നുമാണ് ആരോപണം.
കൈക്കൂലി പിരിക്കുന്ന രാജകുമാരനാണ് യതീന്ദ്രയെന്ന് വിഡിയോ സഹിതം കുമാരസ്വാമി സമൂഹ മാധ്യമത്തിൽ കുറിച്ചു. സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന വരുണ മണ്ഡലത്തിലെ ഹൗസിങ് പ്രോഗ്രാം അവയർനസ് കമ്മിറ്റിയുടെ ചെയർമാനാണ് ഡോ. യതീന്ദ്ര. 2018ൽ വരുണയിൽനിന്ന് എം.എൽ.എയായ യതീന്ദ്രക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല.
പിതാവ് സിദ്ധരാമയ്യയാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. ഹൗസിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പിതാവിന്റെ മണ്ഡലത്തിന്റെ വിവിധ കാര്യങ്ങളുടെ ചുമതല വഹിക്കുകയാണ് യതീന്ദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.