യു.എ.പി.എ നിയമമനുസരിച്ച് നടപടി; ‘സിഖ്സ് ഫോർ ജസ്റ്റിസ്’ നേതാവിന്റെ പഞ്ചാബിലെ സ്വത്ത് കണ്ടുകെട്ടി
text_fieldsചണ്ഡിഗഢ്: നിരോധിത ഖാലിസ്താൻ അനുകൂല സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ ചണ്ഡിഗഢിലെയും അമൃത്സറിലെയും വീടും സ്വത്തുക്കളും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടുകെട്ടി. യു.എ.പി.എ നിയമമനുസരിച്ചാണ് നടപടി. പന്നുവിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം പഞ്ചാബിൽ 22 ക്രിമിനൽ കേസുണ്ട്.
കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്നാവശ്യപ്പെട്ട് വിഡിയോ പുറത്തിറക്കിയ പന്നു ആക്രമണത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ടായിരുന്നു. കാനഡയിലെ സിഖുകാരോട് ഒക്ടോബർ 29ന് വാൻകൂവറിൽ ഒത്തുകൂടാൻ ആഹ്വാനംചെയ്ത പന്നു, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് കുമാർ വർമക്കാണോ എന്നതിൽ റഫറണ്ടം നടത്തി വോട്ട് രേഖപ്പെടുത്താനും പറഞ്ഞു.
2020 ജൂലൈയിൽ പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിച്ച ഇന്ത്യ ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മതിയായ തെളിവുകളില്ലെന്നു പറഞ്ഞ് ഇന്റർപോൾ ആവശ്യം നിരസിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആക്രമണത്തിന് ആഹ്വാനംചെയ്യുന്ന പന്നുവിനെതിരെ എൻ.ഐ.എ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, പന്നുവിന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോയെ തള്ളിപ്പറഞ്ഞ കാനഡയിലെ മന്ത്രിമാർ ഹിന്ദുക്കൾ അവിടെ സുരക്ഷിതരാണെന്ന് കൂട്ടിച്ചേർത്തു. കാനഡയുടെ ഉന്നത ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണ് വിഡിയോയെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നും പൊതുസുരക്ഷ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.