രാഹുലിനെതിരായ നടപടി: നിരീക്ഷിക്കുന്നുവെന്ന് യൂറോപ്യൻ യൂനിയൻ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയതടക്കമുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂനിയൻ (ഇ.യു). അമേരിക്കയുടെയും ജർമനിയുടെയും ചുവടുപിടിച്ചാണ് യൂറോപ്യൻ യൂനിയന്റെ നീക്കം.
കോൺഗ്രസിനെയും ഗാന്ധിയെയും കടന്നാക്രമിച്ച നിയമമന്ത്രി കിരൺ റിജിജു വിവാദത്തിന് തൊട്ടുപിന്നാലെയാണ് രാഹുൽ അയോഗ്യത കേസ് ഇ.യു ഔദ്യോഗികമായി പിന്തുടരുന്നതെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ, സുരക്ഷാനയങ്ങളുടെ മുഖ്യ വക്താവ് പീറ്റർ സ്റ്റാനോ വെളിപ്പെടുത്തി. ‘‘രാഹുൽ ഗാന്ധിക്കെതിരായ കേസും പാർലമെന്റിൽനിന്ന് പുറത്താക്കലും യൂറോപ്യൻ യൂനിയൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
കോടതിയിലുള്ള കേസിനെക്കുറിച്ച് ഞങ്ങൾ അഭിപ്രായം പറയുന്നില്ല. ബഹുസ്വരതയും തുറന്ന രാഷ്ട്രീയ സംവാദവും ജനാധിപത്യസമൂഹങ്ങളുടെ അവശ്യ സവിശേഷതകളാണ്. ഇതാണ് ജനാധിപത്യത്തെ ഊർജ്ജസ്വലവും ചലനാത്മകവുമാക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷപങ്ക് പ്രധാനമാണ്. തിടുക്കപ്പെട്ട് ഒരു പ്രസ്താവന നടത്തുന്നില്ല. യൂറോപ്യൻ യൂനിയൻ ജുഡീഷ്യൽ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുകയും രാഹുലിന്റെ അപ്പീലിൽ കോടതിവിധി കാത്തിരിക്കുകയുമാണ്’’.
ജർമൻ വിദേശമന്ത്രാലയ വക്താവിന്റെ പ്രസ്താവനക്ക് സമാനമാണിത്. രണ്ട് ദിവസം മുമ്പ് വാർത്തസമ്മേളനത്തിൽ ‘‘ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്ത്വങ്ങളുടെയും മാനദണ്ഡങ്ങൾ ഈ കേസിൽ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു’’ എന്നായിരുന്നു ജർമൻ വക്താവിന്റെ പ്രതികരണം.അമേരിക്കൻ ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ രാഹുലിന്റെ ‘അയോഗ്യത’യെക്കുറിച്ച് പ്രതികരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.