കർണാടകയിൽ പൂഴ്ത്തിവെച്ച വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാറിന്റെ കാലത്ത് പരാതി നൽകിയിട്ടും നടപടിയില്ലാതിരുന്ന കേസുകൾക്ക് കോൺഗ്രസ് അധികാരമേറ്റ ശേഷം ജീവൻ വെച്ചു. വിദ്വേഷ വിഡിയോ-ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഹിന്ദു ജനജാഗ്രതി നേതാവ് ചന്ദ്രു മൊഗർ, ടിപ്പുവിനെ പോലെ സിദ്ധരാമയ്യയെയും തീർക്കണമെന്ന പ്രസ്താവനയിൽ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. അശ്വത് നാരായൺ, സിദ്ധരാമയ്യയുടെ കാലത്ത് 24 ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്ന പ്രസ്താവനയിൽ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ജ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചന്ദ്രു മൊഗറിനും അശ്വത് നാരായണിനുമെതിരായ കേസുകളിൽ പൊലീസ് നടപടിയെടുക്കാതെ വൈകിപ്പിച്ചിരുന്നു. ഈ രണ്ട് കേസുകളിലും പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. കഴിഞ്ഞയാഴ്ച ദക്ഷിണ കന്നട ബെൽത്തങ്ങാടിയിൽ എം.എൽ.എ ഹരീഷ് നടത്തിയ പ്രസ്താവനയിലും കേസെടുത്തു. സംസ്ഥാനത്ത് മതവിദ്വേഷ പ്രവർത്തനങ്ങളും പ്രസ്താവനകളും അനുവദിക്കില്ലെന്നാണ് കോൺഗ്രസ് സർക്കാർ നിലപാട്. ബി.ജെ.പി നേതാക്കൾക്ക് തലച്ചോറും നാവുമായുള്ള ബന്ധം നഷ്ടമായിരിക്കുകയാണെന്നും എന്നാൽ, പറഞ്ഞതിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പോഷക സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതാവായ ചന്ദ്രുമൊഗറിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു വർഷം മുമ്പ് ലോ ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിയ നുഅ്മാനി പരാതി നൽകിയിരുന്നു. മുസ്ലിം പഴക്കച്ചവടക്കാർ ‘തുപ്പൽ ജിഹാദ്’ നടത്തുന്നെന്നായിരുന്നു ചന്ദ്രുവിന്റെ ആരോപണം. ബംഗളൂരു സഞ്ജയ് നഗർ പൊലീസ് ഹിന്ദുത്വ നേതാവിനെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരനെ പിന്തുടരുകയും ചോദ്യം ചെയ്യുകയും ചെയ്തു.
പരാതിക്കാരനെ കുറിച്ച് വിവരം തേടി വീട്ടുടമയെയും അയൽവാസിയെയും പൊലീസ് ചോദ്യം ചെയ്തു. മജിസ്ട്രേറ്റ് കോടതിയെ പരാതിക്കാരൻ സമീപിച്ചതോടെ പൊലീസിനോട് കേസെടുക്കാൻ കോടതി നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മേയ് 17ന് ഈ കേസ് മംഗളൂരു പൊലീസിന് കൈമാറി. പുതിയ എഫ്.ഐ.ആർ പ്രകാരം, എ.പി.സി 153 എ, 503, 504 വകുപ്പുകളും ചുമത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ഡ്യയിൽ നടന്ന പൊതുയോഗത്തിലായിരുന്നു അശ്വത് നാരായണിന്റെ വിദ്വേഷ പ്രസംഗം. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ മൈസൂരു ദേവരാജ പൊലീസിൽ പരാതി നൽകിയെങ്കിലും പെറ്റി കേസിൽ നടപടി അവസാനിപ്പിച്ചിരുന്നു. പുതിയ പരാതിയിൽ കഴിഞ്ഞദിവസം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാക്കൾ അശ്വത് നാരായന്റെ അറസ്റ്റ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബെൽത്തങ്ങാടിയിൽ നടന്ന യോഗത്തിലായിരുന്നു ഹരീഷ് പൂഞ്ജയുടെ വിവാദ പ്രസംഗം. ബി.ജെ.പിയിലെ കലഹത്തെ തുടർന്ന് ഒരു വിഭാഗം കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇവരെ അഭിസംബോധന ചെയ്തായിരുന്നു ‘24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്കുവേണ്ടിയാണ് നിങ്ങൾ വോട്ടുതേടിയത്’ എന്ന പരാമർശം. ബെൽത്തങ്ങാടി മഹിള കോൺഗ്രസ് പ്രസിഡന്റ് നമിത പൂജാരിയുടെ പരാതിയിൽ ഐ.പി.സി 153, 153 എ, 505 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.