ജയം മാത്രമല്ല, ജയിൽ മോചനവും ലക്ഷ്യം; അഖിൽ ഗൊഗോയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി വൃദ്ധമാതാവ്
text_fieldsശിവസാഗർ: 84ാം വയസിലും അസുഖങ്ങൾ വകവെക്കാതെ മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് പ്രിയദ ഗൊഗോയ്. പൗരത്വ പ്രക്ഷാഭവുമായി ബന്ധെപ്പട്ട് ജയിലിൽ കഴിയുന്ന അഖിൽ ഗൊഗോയ്യുടെ അസാന്നിധ്യത്തിൽ മണ്ഡലം മുഴുവൻ ഒാടിനടക്കാനുള്ള ശ്രമത്തിലാണ് അവർ. മകനെ ജയിലിൽനിന്ന് മോചിപ്പിക്കാനും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും അസമിലെ ശിവസാഗർ മണ്ഡലത്തിൽ 10 ദിവസത്തെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്ന തിരക്കിലാണ് വൃദ്ധമാതാവ്. സാമൂഹിക പ്രവർത്തകരായ മേധ പട്കറും സന്ദീപ് പാണ്ഡെയും അവർക്കൊപ്പം പ്രചാരണത്തിൽ സജീവമായുണ്ട്.
അസമിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ റായ്ജോർ ദളിന്‍റെ സ്ഥാനാർഥിയായാണ് അഖിൽ ഗൊഗോയ് ജനവിധി തേടുന്നത്. ജോർഹട് ജില്ലയിലെ സേലൻഗട്ടിലാണ് പ്രിയദ ഗൊഗോയ്യുടെ താമസം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശിവസാഗർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ് അവർ.
'ഞാൻ പ്രചാരണം നടത്തുന്നത് മകന് വേണ്ടിയാണ്. എന്‍റെ മകനെ സ്വതന്ത്രനായി കാണണം. എനിക്കറിയാം അവനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ജനങ്ങൾക്ക് മാത്രമേ സാധിക്കൂ. ഇൗ തെരെഞ്ഞടുപ്പിൽ വിജയിക്കുകയെന്നത് ജയിൽ ജീവിതം അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടിയാകും' -അവർ പറഞ്ഞു.
84കാരിയായ പ്രിയദ ഗൊഗോയ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാപകൽ വ്യത്യാസമില്ലാതെ സജീവമാണെന്ന് റായ്േജാർ ദൾ വർക്കിങ് പ്രസിഡന്‍റ് ബാസ്കോ ഡി സായ്കിയ പറഞ്ഞു.
'മാ (പ്രിയദ) വളരെ ഊർജസ്വലയും ഞങ്ങൾക്കെല്ലാവർക്കും പ്രചോദനവുമാണ്. രാവിലെ മുതൽ വൈകിട്ട് വരെ ശിവസാഗർ തെരുവിലെ ഓരോ വഴിയിലൂടെയും അവർ പോകുകയും മകനുവേണ്ടി വോട്ട് അഭ്യർഥിക്കുകയും ചെയ്യും. അവരുടെ നിശ്ചയദാർഢ്യം ഞങ്ങളിൽ അതിശയമുണ്ടാക്കുന്നുണ്ട്' -ബാസ്കോ പറഞ്ഞു. പതിനായിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് ശിവസാഗറിൽ റാലി സംഘടിപ്പിച്ചിരുന്നു. തുറന്ന ജീപ്പിൽ പ്രിയദ ഗൊഗോയ്യും പ്രചാരണത്തിൽ പങ്കെടുത്തു.
അസമിലെ അഴിമതിക്കെതിരെ ശബ്ദം ഉയർത്താൻ കഴിയുന്ന കരുത്തുറ്റ ഒരേയൊരു നേതാവാണ് അഖിൽ ഗൊഗോയ് എന്ന് മേധ പട്കർ പ്രതികരിച്ചു. ബി.ജെ.പിയും അവരുടെ നേതാവ് ഹിമാന്ത ബിശ്വ ശർമയും എങ്ങനെ അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്നുവെന്ന് നമുക്കറിയാം. ബി.ജെ.പി രാഷ്ട്രീയം മറയാക്കി ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ വിഭജിക്കുകയാണെന്നും മേധ പട്കർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തുേമ്പാൾ അസമിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴിയുകയാണ് അഖിൽ ഗൊഗോയ്. ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കർഷക സംഘടനയായ ക്രിഷക് മുക്തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് ഗൊഗോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.