ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ജാമ്യം
text_fieldsമുബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ജാമ്യം അനുവദിച്ച് മുബൈ ഹൈക്കോടതി. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ചുവർഷത്തിലേറെയായി മഹേഷ് റാവത്ത് വിചാരണത്തടവിൽ കഴിയുകയായിരുന്നു.
മഹേഷിനെതിരെ അന്വേഷണ ഏജൻസികൾ ചുമത്തിയിരിക്കുന്ന യു.എ.പി.എ വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എൻ.ഐഎയുടെ അഭ്യർഥന മാനിച്ച് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
2018 ജൂണിലാണ് മഹേഷ് റാവത്തിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ. നിരോധിത സംഘടനകൾക്ക് ഫണ്ട് നൽകിയതായി എൻ.ഐ.എയും ആരോപിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായിയും അഭിഭാഷകൻ വിജയ് ഹിരേമത്തുമാണ് മഹേഷ് റാവത്തിന് വേണ്ടി വാദിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് മഹേഷ് റാവത്തെന്നും നിരോധിത സംഘടനയുമായി ബന്ധമില്ലെന്നും അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണെന്നും വിചാരണ ഇനിയും ആരംഭിക്കാത്തതിനാൽ മോചിപ്പിക്കാൻ അർഹനാണെന്നും ഇവർ വാദിച്ചു.
കുറ്റാരോപിതരായ 16 പേരിൽ അരുൺ ഫെരേര, വെർണൺ ഗോൺസാൽവസ്, ആനന്ദ് തെൽതുംബ്ഡെ, വരവര റാവു, സുധ ഭരദ്വാജ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചു. ഗൗതം നവ്‌ലാഖ വീട്ടുതടങ്കലിലാണ്. മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.