'ഭാരത് മാതാ വിധവയല്ല'; പൊട്ടുതൊടാത്ത മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് ഹിന്ദുത്വ നേതാവ്
text_fieldsമുംബൈ: നെറ്റിയില്‍ പൊട്ടു കുത്താത്തതിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ. സൗത് മുംബൈയിൽ സെക്രട്ടേറിയറ്റിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടതിനുശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ സംഭാജി ഭിഡെ.
വനിതാ റിപ്പോർട്ടറോട് തന്‍റെ ബൈറ്റ് എടുക്കാൻ വരുന്നതിന് മുമ്പ് പൊട്ട് കുത്തണമെന്ന് സംഭാജി മറാത്തിയിൽ പറയുന്നത് വിഡിയോയിലുണ്ട്. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അദ്ദേഹം വിസ്സമതിച്ചു. ഒരു സ്ത്രീ ഭാരത് മാതാവിന് തുല്യമാണെന്നും പൊട്ടു ധരിക്കാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും മാധ്യമപ്രവർത്തകയോട് ഭിഡെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വിവാദമായതോടെ സംഭവത്തിൽ മഹാരാഷ്ട്ര വനിത കമീഷന്‍ അധ്യക്ഷ രൂപാലി ചക്കൻകർ വിശദീകരണം ചോദിച്ച് ഭിഡെക്ക് നോട്ടീസ് അയച്ചു. വിവാദപരാമര്‍ശങ്ങളിലൂടെ നേരത്തെയും ഭിഡെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. തന്‍റെ തോട്ടത്തിലെ മാമ്പഴം കഴിച്ച സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചെന്ന് ഭിഡെ 2018ല്‍ പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.