ടീസ്റ്റക്ക് ഗുജറാത്തിൽനിന്ന് ആൾജാമ്യത്തിന് ആരും തയാറാവില്ലെന്ന് കപിൽ സിബൽ, തുക കെട്ടിവെച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ്; ഇന്ന് ജയിൽ മോചിതയാകും
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശീയാതിക്രമത്തിൽ ഇരകൾക്ക് വേണ്ടി നിയമയുദ്ധം നടത്തിയതിന് ഗുജറാത്ത് സർക്കാർ ജയിലിലടച്ച പ്രമുഖ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ഇന്ന് മോചിതയായേക്കും. സുപ്രീംകോടതി ഇന്നലെ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് 70 ദിവസത്തിന് ശേഷം മോചിതയാകുന്നത്. ഗുജറാത്തിൽനിന്ന് ആൾജാമ്യത്തിന് ആരും തയാറാവില്ലെന്ന് ടീസ്റ്റയുടെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ തത്തുല്യ തുക കെട്ടിവെച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിർദേശിച്ചിരുന്നു.
രണ്ടു മാസമായി കസ്റ്റഡിയിൽ തുടരുന്ന ടീസ്റ്റയുടെ ജാമ്യാപേക്ഷ ആറാഴ്ചത്തേക്ക് മാറ്റിവെച്ച ഗുജറാത്ത് ഹൈകോടതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി നടപടി. പതിവു ജാമ്യത്തിനുള്ള അപേക്ഷ ഗുജറാത്ത് ഹൈകോടതി പരിഗണിച്ച് തീരുമാനമെടുക്കണം. അതുവരെ ടീസ്റ്റയുടെ പാസ്പോർട്ട് വിചാരണ കോടതിയെ ഏൽപിക്കണം.
ഗുജറാത്ത് വംശീയാതിക്രമ കേസിലെ ഇരകളിൽ ഒരാളായ സകിയ ജാഫരി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതി കയറിയപ്പോൾ, വ്യാജരേഖകൾ ഉപോദ്ബലകമായി നൽകിയെന്നാണ് ടീസ്റ്റക്കെതിരായ കുറ്റം. കേസ് തള്ളി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രയോജനപ്പെടുത്തി തൊട്ടു പിറ്റേന്നു തന്നെ ടീസ്റ്റയെ അറസ്റ്റു ചെയ്തു. ഇടക്കാല ജാമ്യം നിഷേധിക്കാൻ തക്ക കടുത്ത കുറ്റമൊന്നും എഫ്.ഐ.ആറിൽ ഇല്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയുടെ പരാമർശങ്ങൾ പകർത്തിയെഴുതിയതല്ലാതെ പുതിയ വിവരങ്ങളോ തെളിവുകളോ പൊലീസ് മുന്നോട്ടു വെച്ചിട്ടില്ല. രണ്ടു മാസമായിട്ടും ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് വിടാൻ പാടില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ല. വ്യാജരേഖ ചമച്ചുവെന്ന കേസിൽ ഒരു വനിത ജൂൺ 25 മുതൽ കസ്റ്റഡിയിലാണ്. അവർക്കെതിരായ കുറ്റം 2002ലേതാണ്. ഈ പറയുന്ന രേഖകൾ കേസന്വേഷണം അവസാനിച്ച 2012നും മുമ്പത്തേതാകാനേ വഴിയുള്ളൂ. ടീസ്റ്റ നൽകിയ ജാമ്യാപേക്ഷയിൽ സർക്കാറിന് നോട്ടീസ് അയച്ച് ആറാഴ്ചത്തേക്ക് കേസ് മാറ്റിവെച്ച ഹൈകോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നു.
കസ്റ്റഡി തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഇടക്കാല ജാമ്യം അനുവദിക്കുകയാണ്. തുടർന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് ടീസ്റ്റയോട് കോടതി നിർദേശിച്ചു. പതിവു ജാമ്യത്തിനുള്ള അപേക്ഷ ഹൈകോടതി മുമ്പാകെയാണ്. അതു പരിഗണിക്കുമ്പോൾ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഒരു നിലക്കും ഹൈകോടതി നടപടികളെ സ്വാധീനിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നീണ്ട ആറാഴ്ചത്തേക്ക് കേസ് ഹൈകോടതി മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ ദിവസം സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ ബാഹുല്യങ്ങൾക്കിടയിൽ എല്ലാവരോടും പൊതുസമീപനമാണ് ഹൈകോടതി സ്വീകരിക്കുന്നതെന്നായിരുന്നു മറുപടി. എന്നാൽ, ടീസ്റ്റയുടെ കേസ് നീട്ടിവെച്ച അതേ ജഡ്ജി, ഇതിനിടെ ജാമ്യം നൽകിയ 28 പേരുടെ പട്ടിക തന്‍റെ കൈയിലുണ്ടെന്നായി കപിൽ സിബൽ. ജഡ്ജിയേയും സംസ്ഥാന സർക്കാറിനെയും അപകീർത്തിപ്പെടുത്തരുതെന്ന് തുഷാർ മേത്ത അഭ്യർഥിച്ചു.
ടീസ്റ്റയോടൊപ്പം അറസ്റ്റിലായ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറും കസ്റ്റഡിയിലാണ്. ജാമ്യത്തിന് അദ്ദേഹവും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.