ഗർഭിണിയായ കടുവയെ ക്രൂരമായി കൊലപ്പെടുത്തി വേട്ടക്കാർ; പ്രതിഷേധവുമായി മൃഗസ്നേഹികൾ
text_fieldsമുംബൈ: ഗർഭിണിയായ കടുവയെ വേട്ടക്കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാവുന്നു. മഹാരാഷ്ട്രയിലെ യുവാത്മലിലാണ് ഗർഭിണിയായ കടുവ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും പുറംലോകമറിഞ്ഞത് ഒരു ദിവസത്തിന് ശേഷമാണ്. കടുവയുടെ മുൻ കാലുകൾ നഖത്തിനായി വേട്ടക്കാർ മുറിച്ച് കൊണ്ട് പോവുകയും ചെയ്തു.
സംഭവത്തിൽ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്ന് വരണമെന്നും കർശനമായ നടപടി വേണമെന്നും വൈൽഡ് ലൈഫ് സ്റ്റേറ്റ് ബോർഡ് അംഗം കിഷോർ റിതെ ആവശ്യപ്പെട്ടു. 30 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഗർഭിണിയായ കടുവ കൊല്ലപ്പെട്ടിട്ടുള്ളത്. 2004ൽ വൈദ്യുതാഘാതമേറ്റായിരുന്നു മരണം. എന്നാൽ, ഇത് വളരെ ക്രൂരമായി പോയെന്ന് അദ്ദേഹം പറഞ്ഞു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റ്മാർട്ടത്തിൽ മാത്രമേ കടുവ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുവെന്ന് മഹാരാഷ്ട്ര വനംവകുപ്പ് അധികൃതർ അറിയിച്ചു.
കാടിനുള്ളിലെ ഗുഹയിലെത്തിയ കടുവക്ക് പുറത്ത് പോകാനാവാത്ത വിധം കല്ലുകളും മുളയും കൊണ്ട് തടസം സൃഷ്ടിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. കടുവ ചത്തുവെന്ന് ഉറപ്പാക്കാനായി മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് കാലുകൾ വെട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.