കർഷകർ ഇനി ശക്തരാകും; കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ അനുപം ഖേർ
text_fieldsമുംബൈ: വിവാദമായ കാർഷിക ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കിയതിനെ പിന്തുണച്ച് നടൻ അനുപം ഖേർ. കർഷകരുടെ ദുരവസ്ഥക്ക് മാറ്റം വരാൻ പോവുകയാണ്. കർഷകരുടെ മുതലാളി കർഷകൻ തന്നെയാകുകയാണെന്നും അനുപം ഖേർ പറഞ്ഞു. താൻ അഭിനയിച്ച 'ജീനേ ദോ' എന്ന സിനിമയിലെ രംഗം പങ്കുവെച്ചാണ് അനുപം ഖേർ നിലപാട് പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
1990ലെ ജീനേ ദോ എന്ന സിനിമയിൽ പാവപ്പെട്ട കർഷകന്‍റെ വേഷത്തിലാണ് താൻ അഭിനയിച്ചത്. കർഷകൻ ഉൽപ്പാദിപ്പിച്ച ധാന്യങ്ങൾ ചന്തയിലേക്ക് കൊണ്ടുപോകുമ്പോൾ ഇടനിലക്കാരനാണ് വില നിശ്ചയിക്കുന്നത്. അമരീഷ് പുരിയാണ് സിനിമയിൽ ഭൂവുടമയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭൂവുടമ വില നിശ്ചയിച്ച് ധാന്യങ്ങൾ അയാളുടെ ഗോഡൗണിലേക്ക് മാറ്റും. 150 രൂപക്ക് താൻ നൽകിയ ധാന്യം 250 രൂപക്ക് വിൽക്കുന്നത് കർഷകൻ കാണും -അനുപം ഖേർ പറഞ്ഞു.
30 വർഷമായി കർഷകരുടെ അവസ്ഥയിൽ മാറ്റമില്ല. ബിൽ പാസായതോടുകൂടി കർഷകർ ഇനി സ്വയംപര്യാപ്തരാകും. കർഷകരെ ശക്തരാക്കുകയാണ് സർക്കാറിന്‍റെ ഉത്തരവാദിത്തം. അതാണിപ്പോൾ ചെയ്തിരിക്കുന്നത് -അനുപം ഖേർ പറഞ്ഞു.
ബി.ജെ.പി അനുകൂലിയായ അനുപം ഖേർ നേരത്തെയും നിരവധി വിഷയങ്ങളിൽ സർക്കാറിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയും നടിയുമായ കിരൺ ഖേർ ചണ്ഡീഗഡിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.