നാല് മക്കളുടെ പിതാവായ ബി.ജെ.പി എം.പി ജനസംഖ്യാ നിയന്ത്രണ ബില്ലുമായി പാർലമെന്റിലേക്ക്
text_fieldsനാല് മക്കളുടെ പിതാവും നടനും ബി.ജെ.പി എം.പിയുമായ രവി കിഷൻ ജനസംഖ്യാ നിയന്ത്രണ ബില്ലിന് ആഹ്വാനം ചെയ്തു. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ പോകുകയാണെന്നും എം.പി പറഞ്ഞു.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ കിഷന് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. "ജനസംഖ്യ നിയന്ത്രണ ബിൽ കൊണ്ടുവരുമ്പോൾ മാത്രമേ നമുക്ക് വിശ്വഗുരുവാകാൻ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണ്" -കിഷൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
"ജനസംഖ്യ ഉയരുന്നതിലൂടെ നമ്മൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ബിൽ അവതരിപ്പിക്കാൻ എന്നെ അനുവദിക്കാനും ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് കേൾക്കാനും ഞാൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നു'' -കിഷൻ കൂട്ടിച്ചേർത്തു.
ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ദേശീയ ജനസംഖ്യാ നയം 2000, ദേശീയ ആരോഗ്യ നയം 2017 എന്നിവക്ക് അനുസൃതമായി 2045ഓടെ ജനസംഖ്യ സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പവാർ പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ഉൾപ്പെടെയുള്ള നിരവധി ബി.ജെ.പി നേതാക്കൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യാ വളർച്ച തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2023ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.