നടൻ ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ ഒമ്പതുവരെ നീട്ടി
text_fieldsബംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയുടെയും കൂട്ടു പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ബംഗളൂരു അഡീ. ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സെപ്റ്റംബർ ഒമ്പതുവരെ നീട്ടി.
ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ബംഗളൂരു, തുമകൂരു ജയിലുകളിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് പ്രതികളെ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡി തുടരണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചു. 33കാരനായ രേണുക സ്വാമിയുടെ കൊലപാതകത്തിൽ പ്രതിയായ ദർശനെ ജൂൺ 11നാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ദർശന്റെ സഹനടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് ദർശന്റെ ആരാധകനായ രേണുക സ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് കൊലപാതകം നടത്താൻ തന്റെ ഫാൻസ് ക്ലബ് അംഗത്തെ ദർശൻ ഏർപ്പാടാക്കുകയായിരുന്നു.
നടനുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന ദർശന്റെ ഫാൻസ് ക്ലബിലെ അംഗമായ രാഘവേന്ദ്രയാണ് രേണുക സ്വാമിയെ ആർ.ആർ നഗറിലെ ഷെഡിലേക്ക് എത്തിച്ചത്. ഇവിടെ വെച്ചാണ് കൊലപ്പെടുത്തിയത്. അതേസമയം, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ദർശന് വി.ഐ.പി പരിഗണന ലഭിച്ചെന്ന പരാതിയിൽ ദർശന്റെ മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ അടിയന്തരമായി ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ദർനെ ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.