ഇസ്രായേലിനെ ഹോളാകാസ്റ്റും അഭയം നൽകിയതും ഓർമിപ്പിച്ച് നടൻ ജാവേദ് ജാഫരി: ‘ഒരു ഫോട്ടോ ആയിരം വാക്കുകൾ സംസാരിക്കുന്നു’
text_fieldsമുംബൈ: ജർമനിയിൽ ജൂതർക്കുനേരെ നടന്ന ഹോളാകാസ്റ്റ് വംശഹത്യയും തുടർന്ന് ഫലസ്തീനിൽ അഭയം തേടിയെത്തിയതും ഓർമിപ്പിച്ച് നടനും സംവിധായകനുമായ ജാവേദ് ജാഫരി. നാസികൾ ജർമനിയിൽ നടത്തിയ ജൂത വംശഹത്യയിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് അഭയാർഥികളായി കപ്പലിൽ ഫലസ്തീൻ തീരമണയുന്ന ജൂതവംശജരുടെ ചിത്രവും നിലവിൽ ഗസ്സയിൽ യുദ്ധം ചെയ്യുന്ന ഇസ്രാേയൽ ടാങ്കുകളുടെ ചിത്രവുമാണ് ജാവേദ് എക്സിൽ പങ്കുവെച്ചത്.
‘യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ ആയിരക്കണക്കിന് വാക്കുകളിലൂടെ ശ്രമിക്കുമ്പോൾ, ഒരു ഫോട്ടോ ആയിരം വാക്കുകൾ സംസാരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു നടന്റെ പോസ്റ്റ്.
‘ജർമനി ഞങ്ങളുടെ കുടുംബങ്ങളെയും വീടുകളെയും നശിപ്പിച്ചു, നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾ നശിപ്പിക്കരുത്’ എന്ന ബാനർ ഉയർത്തിയാണ് 1948ൽ ഹൈഫ തുറമുഖത്ത് കപ്പൽ എത്തിയത്. ഇതും ചിത്രത്തിൽ കാണാം. ഗസ്സയിൽ ഇസ്രായേൽ പതാകവഹിച്ചുള്ള ടാങ്കുകൾ മരണം വിതച്ച് മുന്നേറുന്നതാണ് തൊട്ടുതാഴെയുള്ള ചിത്രം.
A picture speaks a thousand words, while thousands of words try to wipe out the reality of the pictures. pic.twitter.com/RVZTJHgsSJ
— Jaaved Jaaferi (@jaavedjaaferi) November 9, 2023
ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഗസ്സക്കുനേരെയുള്ള യുദ്ധപ്രഖ്യാപനത്തിൽ നടത്തിയ ‘നമ്മൾ മനുഷ്യമൃഗങ്ങളുമായി യുദ്ധം ചെയ്യാൻ പോകുന്നു’ എന്ന വിവാദ പ്രസ്താവന ഈ ചിത്രത്തോടൊപ്പം കൊടുത്തിട്ടുണ്ട്. ജീവിക്കാനനുവദിക്കാതെ പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പുറത്താക്കിയപ്പോൾ അഭയം നൽകിയ ഫലസ്തീനികളെ മനുഷ്യമൃഗങ്ങളാക്കി ചിത്രീകരിച്ച്, എല്ലാ മനുഷ്യാവകാശ നിയമങ്ങളും കാറ്റിൽ പറത്തി അവരെ കൊന്നൊടുക്കുന്നുവെന്ന സൂചന നൽകുന്നതാണ് ചിത്രം.
ഹമാസ് 40 ഇസ്രായേലി കുഞ്ഞുങ്ങളുടെ കഴുത്തറുത്തു എന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഫലസ്തീനികളെ ‘മനുഷ്യമൃഗങ്ങൾ’ എന്നു വിശേഷിപ്പിച്ചത്. എന്നാൽ, കഴുത്തറുത്തു എന്ന ആരോപണം കള്ളമാണെന്ന് ഇസ്രായേൽ തന്നെ ഒടുവിൽ സമ്മതിച്ചു. ദുരന്തം കാണാൻ ഇസ്രായേലി റിപ്പോർട്ടർമാരെ കൊണ്ടുപോയപ്പോൾ അത് കാണിക്കാനുമായില്ല. ഇതിനുപിന്നാലെ നെസറ്റ് അംഗം റെവിറ്റൽ ഗോത്ലിവ് ഗസ്സയിൽ അണുബോംബിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ‘‘മിഡിലീസ്റ്റിനെ പിടിച്ചുകുലുക്കുന്ന ഒരു സ്ഫോടനത്തിലൂടെ മാത്രമേ ഈ രാജ്യത്തിന്റെ യശസ്സും കരുത്തും സുരക്ഷയും പുനഃസ്ഥാപിക്കാൻ കഴിയൂ. ആ അന്ത്യവിധിയെ പുൽകാൻ സമയമായി’’- എന്നായിരുന്നു റെവിറ്റൽ ഗോത്ലിവ് സമൂഹമാധ്യമത്തിൽ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.