കർഷകരെ ഖലിസ്താൻ തീവ്രവാദികളെന്നു വിളിച്ച നടി കങ്കണയുടെ കാർ പഞ്ചാബിൽ തടഞ്ഞു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകരെ ഖലിസ്താൻ തീവ്രവാദികൾ എന്ന് വിളിച്ച നടി കങ്കണ റണാവത്തിന്‍റെ കാർ കർഷകർ പഞ്ചാബിൽ തടഞ്ഞു. പ്രക്ഷോഭത്തിൽ അണിനിരന്ന കർഷകരോട് കങ്കണ പ്രസ്താവനക്ക് മാപ്പ് പറയണം എന്ന് ആവശ്യെപ്പട്ടാണ് കർഷകർ കാർ തടഞ്ഞത്.
പഞ്ചാബിലെ കിരാത്പൂർ സാഹിബിൽ വെള്ളിയാഴ്ചയാണ് സംഭവം. ബി.ജെ.പിയുടെ കടുത്ത അനുയായ റണാവത്ത് , ഒരു വർഷത്തിലേറെയായി ഡൽഹിയുടെ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കർഷകരെ തീവ്രവാദികളും ഖാലിസ്ഥാനികളും സാമൂഹ്യ വിരുദ്ധരും എന്ന് നിരന്തരം വിളിച്ച് ആക്ഷേപിച്ചു വരികയായിരുന്നു.
ഇതിനെതിരെയാണ് അംഗരക്ഷകരുമായി വരുംവഴി പ്രതിഷേധക്കാർ പതാകകൾ വീശിയും മുദ്രാവാക്യം വിളിച്ചും അവരുടെ കാർ തടഞ്ഞത്. സംഭവം സംബന്ധിച്ച് കങ്കണ തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവരം പങ്കുവെച്ചു. 'ഇവിടെ ഒരു ജനക്കൂട്ടം എന്നെ വളഞ്ഞിരിക്കുന്നു. അവർ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു'-അവർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ ആരോപിച്ചു. 'ഈ ആൾക്കൂട്ടം പൊതുസ്ഥലത്ത് തല്ലിക്കൊല്ലും. എനിക്ക് സുരക്ഷ ഇല്ലെങ്കിൽ എന്തും സംഭവിക്കും.
ഇവിടെ സ്ഥിതി ദയനീയമാണ്. ഞാൻ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഈ പെരുമാറ്റം' -അവർ പറഞ്ഞു. കേന്ദ്രത്തിന്‍റെ വിവാദ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ വർഷം ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടും വിഷം വമിപ്പിക്കുന്ന പരാമർശങ്ങൾ നടത്തി കങ്കണ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.