പഴയ 'തീവ്ര ഇടതുപക്ഷക്കാരൻ' മിഥുൻ ചക്രവർത്തിയും ബി.ജെ.പിയിലേക്ക്? മോദിയുടെ റാലിയിൽ അംഗത്വമെടുത്തേക്കും
text_fieldsകൊൽക്കത്ത: ബംഗാൾ പിടിക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബി.ജെ.പി സിനിമ-കായിക രംഗത്തെ പ്രമുഖരെ പാർട്ടിയിലെത്തിക്കുന്ന ജോലി തുടരുകയാണ്. പട്ടികയിലെ ഏറ്റവും പുതിയ വ്യക്തിയാകാൻ ഒരുങ്ങുകയാണ് ഒരു കാലത്ത് തീവ്ര ഇടത്ചിന്താഗതി വെച്ച് പുലർത്തിയിരുന്ന നടൻ മിഥുൻ ചക്രവർത്തി. ഞായറാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലിയിൽ പങ്കെടുത്ത് മിഥുൻ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
പ്രശസ്ത ബംഗാളി നടൻ യാഷ് ദാസ് ഗുപ്ത, പാപിയ അധികാരി എന്നിവരടക്കം അരഡസൻ നടീ-നടൻമാർ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.
അടുത്തിടെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് മുംബൈയിലെ ബംഗ്ലാവിൽ വിരുന്നൊരുക്കിയതോടെ മിഥുൻ ചക്രവർത്തി സംഘ് പരിവാറിനോട് അടുത്ത കാര്യം പരസ്യമായിരുന്നു. മോഹൻ ഭഗവതുമായി ആത്മീയപരമായ ബന്ധമാണുള്ളതെന്നായിരുനു 70കാരൻ അന്ന് പ്രതികരിച്ചത്. 2019ൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനവും മിഥുൻ സന്ദർശിച്ചിരുന്നു.
ബി.ജെ.പിയിൽ ചേരുന്ന കാര്യം നടൻ സമ്മതിക്കുന്നില്ലെങ്കിലും മോദിയുടെ സാന്നിധ്യത്തിൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അതിശക്തമാണ്. സുഭാഷ് ചക്രവർത്തിയടക്കമുള്ള ഇടത് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മിഥുനെ 2014ൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭയിലെത്തിച്ചിരുന്നു.
എന്നാൽ ആേരാഗ്യകാരങ്ങൾ പറഞ്ഞ് രണ്ട് വർഷത്തിന് ശേഷം രാജിവെച്ചു. ചിട്ടി തട്ടിപ്പിലുള്‍പ്പെട്ട ശാരദ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇദ്ദേഹം. ശാരദ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചതിന് ലഭിച്ച 1.2 കോടി രൂപ മിഥുൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരികെ നൽകിയിരുന്നു.
വിവിധ ഭാഷകളില്‍ 350 ചിത്രങ്ങളില്‍ വേഷമിട്ട മിഥുന്‍ ചക്രവര്‍ത്തി 1976ലും 1996ലും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 1998ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.