സംഗീത നാടക അക്കാദമിയിൽ നടൻ മുരളിക്ക് മൂന്നാം പ്രതിമ
text_fieldsതൃശൂർ: കേരള സംഗീത നാടക അക്കാദമിയിൽ മുൻ ചെയർമാനും നടനുമായിരുന്ന മുരളിയുടെ മൂന്നാം പ്രതിമ. 5.70 ലക്ഷം രൂപ ചെലവിട്ട് പ്രതിമ സ്ഥാപിക്കാൻ കെ.പി.എ.സി ലളിത ചെയർപേഴ്സനും എൻ. രാധാകൃഷ്ണൻ നായർ സെക്രട്ടറിയുമായിരിക്കെയാണ് ശിൽപിക്ക് കരാർ നൽകിയത്.
1.98 ലക്ഷവും 70,000 രൂപയും ചെലവിട്ട് അക്കാദമി ഓഡിറ്റോറിയത്തിന് മുന്നിലും മുരളി തിയറ്ററിന് മുന്നിലുമായി രണ്ടു പ്രതിമകൾ നിലവിൽ സ്ഥാപിച്ചിരിക്കെയാണ് മൂന്നാമതൊരു പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ശിൽപി വിൽസൺ പൂക്കായിക്ക് ആണ് പ്രതിമ നിർമാണ കരാർ നൽകിയിരുന്നത്. എന്നാൽ, വർഷങ്ങളായിട്ടും ശിൽപം സ്ഥാപിച്ചിട്ടില്ല. എട്ടു മാസമായിരുന്നു നിർമാണ കാലാവധി. പിന്നീട് ദീർഘിപ്പിച്ച് നൽകുകയായിരുന്നു.
ഇടത് ഭരണസമിതിയുടെ കാലത്തുതന്നെ പ്രതിമ സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയത് മറന്ന സ്ഥിതിയിലായിരുന്നു. ഓഡിറ്റിലാണ് വീണ്ടും പ്രതിമ നിർമാണത്തിന് തുകയനുവദിച്ചതും പ്രതിമ വരാത്തതും ചൂണ്ടിക്കാണിച്ചത്. ഇതുസംബന്ധിച്ച് ഓഡിറ്റ് വിശദീകരണവും തേടി.
നിലവിൽ രണ്ടു പ്രതിമകൾ അക്കാദമി കാമ്പസിൽതന്നെ ഉണ്ടെന്നിരിക്കെ 5.70 ലക്ഷം ചെലവിട്ട് മൂന്നാം പ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തതും അതിവേഗത്തിൽ അതിനായി കരാർ നൽകിയതും ദുരൂഹമാണെന്ന് സാഹിത്യവിമർശം എഡിറ്ററും ഇതുമായി ബന്ധപ്പെട്ട രേഖകൾ സമാഹരിച്ച വ്യക്തിയുമായ സി.കെ. ആനന്ദൻപിള്ള പറയുന്നു. പുതിയ ഭരണസമിതി ഇക്കാര്യത്തിൽ തുടർനപടികൾ എന്ത് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
മുൻ ചെയർമാനും നാടക കുലപതിയുമായിരുന്ന കെ.ടി. മുഹമ്മദിന്റെ പേരിലാണ് അക്കാദമിയുടെ പ്രധാന ഓഡിറ്റോറിയമെങ്കിലും അദ്ദേഹത്തിന്റെ ശിൽപം വേണമെന്ന ആവശ്യം വർഷങ്ങൾക്കു ശേഷമാണ് ഉയർന്നത്. പ്രതിമ നിർമാണത്തിന് തീരുമാനിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.