ഒപ്പം നടക്കുമ്പോൾ രാഹുൽ കൈ പിടിച്ചതെന്തിന്; ബി.ജെ.പി നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗർ
text_fieldsന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗർ. തെലങ്കാനയിൽ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി.ജെ.പി പ്രചരിപ്പിച്ചത്. 'രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്' എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.
ബി.ജെ.പി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങൾ പങ്കുവെച്ചത്. ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗർ പ്രതികരിച്ചു. താൻ നടക്കുന്നതിനിടയിൽ വീഴാൻ പോയപ്പോഴാണ് രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നൽകി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ബി.ജെ.പി നേതാവ് ഓർക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററിൽൽ കുറിച്ചു.
മുതിർന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്ത് എത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ശരിയാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെ കുറിച്ചു. നിങ്ങൾക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം ഹാനികരമാണെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.
'രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകളും പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നടക്കുന്നതിനെ കുറിച്ചാണോ നിങ്ങൾ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കിൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല അത് ബാബാസാഹെബ് അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും, ദയവ് ചെയ്ത് അവിടെ പോയി ഇരിക്കൂ', ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പ്രീതിക്ക് മറുപടി നൽകി.
സ്ത്രീകളെ അടിച്ചമർത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഇരയാണ് പ്രീതി ഗാന്ധിയെന്ന് കോൺഗ്രസ് എം.പി ജോതി മണി കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വിദ്വേഷത്തിൽ നിന്ന് നാടിനെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധി നടക്കുന്നതെന്നും ഞങ്ങളോടൊപ്പം അൽപ്പം നടന്നാൽ നിങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ്: കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലുങ്കാനയിലൂടെ കടന്നുപോകുകയാണ്. വഴിയോരങ്ങളിലെല്ലാം നിരവധി പേരാണ് യാത്രക്ക് അഭിവാദ്യം അർപ്പിക്കാനായി കാത്തുനിൽക്കുന്നത്.
ഇതിനിടെ, ഞായറാഴ്ച രാവിലെ യാത്രക്കിടെ രാഹുൽ കുട്ടികൾക്കൊപ്പം ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രക്കിടെ ഏതാനും കുട്ടികൾ രാഹുലിന് അടുത്തേക്ക് വന്നു. അൽപ നേരം നേതാവിനൊപ്പം നടന്നുനീങ്ങിയ കുട്ടികൾ, ഞങ്ങൾക്കൊപ്പം ഓട്ട മത്സരത്തിനുണ്ടോയെന്ന് ചോദിച്ചു.
അതെ എന്ന് പറഞ്ഞ രാഹുൽ, അവർക്കൊപ്പം ഓടുന്നതാണ് വിഡിയോയിലുള്ളത്. എല്ലാവരെയും പിന്നിലാക്കി അതിവേഗത്തിൽ അൽപനേരം ഓടിയ രാഹുൽ, പിന്നാലെ വേഗത കുറച്ച് കുട്ടികൾക്കൊപ്പം ചേർന്നു. ഈസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന നേതാക്കളും സുരക്ഷ ജീവനക്കാരും ഓട്ടത്തിന്‍റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.