മായാവതിക്കെതിരായ 'തമാശ'; നടൻ രൺദീപ് ഹൂഡയെ യു.എൻ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷയുമായ മായാവതിക്കെതിരെ ലൈംഗിക ചുവയുള്ളതും ജാതി പറഞ്ഞ് അധിക്ഷേിക്കുന്നതുമായ 'തമാശപ്രയോഗം' നടത്തിയ ബോളിവുഡ് നടൻ രൺദീപ് ഹൂഡയെ ദേശാടന ജീവികളുടെ സംരക്ഷണം സംബന്ധിച്ച പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് ഐക്യരാഷ്ട്ര സഭ നീക്കി. യു.എന്നിന്‍റെ പരിസ്ഥിതിസംരക്ഷണ മുന്നേറ്റമായ കൺവെൻഷൻ ഫൊർ ദി കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് ആനിമൽസിന്‍റെ (സി.എം.എസ്) അംബാസഡർ പദവിയിൽ നിന്നാണ് രൺദീപ് ഹൂഡയെ നീക്കിയത്.
മായാവതിക്കെതിരെ ഒമ്പത് കൊല്ലം മുമ്പ് ഹൂഡ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിമർശനങ്ങൾ രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 2012ൽ നടന്ന പൊതുപരിപാടിയിലാണ് ഹൂഡ വിവാദമായ അഭിപ്രായ പ്രകടനം നടത്തിയത്. 43 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിൽ താരം മായാവതിയെക്കുറിച്ച് ജാതി അധിക്ഷേപം നടത്തുന്നതും ലൈംഗിക ചുവയുള്ള തമാശകൾ പറയുന്നതും അത് കേട്ട് ആസ്വദിക്കുന്ന സദസ്സിനോടൊപ്പം പൊട്ടിച്ചിരിക്കുന്നതും കാണാം. ഈ വീഡിയോയിലെ താരത്തിന്റെ കമന്‍റുകൾ 'കുറ്റകരമാണെന്ന്' കണ്ടെത്തിയതിനാലാണ് അംബാസഡർ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റുന്നതെന്ന് ഔദ്യോഗിക വെബസൈറ്റിൽ ഈ തീരുമാനം അറിയിച്ച് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സി.എം.എസ് ചൂണ്ടിക്കാട്ടി. രൺദീപ് ഹൂഡയുടെ പരാമർശങ്ങൾ സി.എം.എസ് സെക്രേട്ടറിയറ്റിന്റെയോ യു.എന്നിന്‍റെയോ മൂല്യങ്ങൾ ഉയത്തിപ്പിടിക്കുന്നതല്ലെന്നും അന്തസ്സിന് നിരക്കുന്നതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. 2020 ഫെബ്രുവരിയിലാണ് മൂന്നുവർഷത്തേക്ക് ഹൂഡയെ അംബസാഡർ പദവിയിലേക്ക് നിയോഗിച്ചത്.
മായാവതിക്കെതിരായ പരാമർശങ്ങളുടെ പേരിൽ 44കാരനായ താരത്തിനെതിരെ സമൂഹ മാധ്യമങ്ങൾക്കകത്തും പുറത്തും വൻ പ്രതിഷേധമാണുയരുന്നത്. #ArrestRandeepHooda എന്ന ഹാഷ്ടാഗ് വെള്ളിയാഴ്ച ട്വിറ്ററിൽ െട്രൻഡിങ് ആയിരുന്നു. നിരവധി പേരാണ് താരത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.