നടൻ രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍
text_fieldsമുംബൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനിയെ (74) പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അപ്പാർട്ട്മെന്‍റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ തലേഗാവ് ദബാഡെ പ്രദേശത്തെ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്നു രവീന്ദ്ര.
ടെലിവിഷന്‍ താരം ഗഷ്മീര്‍ മഹാജനിയുടെ പിതാവ് കൂടിയാണ് രവീന്ദ്ര. അറിയപ്പെടുന്ന താരമായിരുന്നെങ്കിലും പൂനെയിലെ അപ്പാര്‍ട്ട്മെന്‍റില്‍ രവീന്ദ്ര മരണംവരെ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മുംബൈയിൽ താമസിച്ചിരുന്ന മഹാജനി, കഴിഞ്ഞ എട്ട് മാസമായി തലേഗാവ് ദബാഡെയിലെ അംബിയിലെ എക്‌സ്‌ബിയ സൊസൈറ്റിയിലെ വാടക അപ്പാർട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച, അപ്പാർട്ട്മെന്‍റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലേഗാവ് എംഐഡിസി പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മഹാജനിയുടെ മൃതദേഹം കണ്ടത്. മഹാജനി മരിച്ചിട്ട് രണ്ടു മൂന്നു ദിവസമായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് രവീന്ദ്ര മഹാജനി. 'മറാത്തിയിലെ വിനോദ് ഖന്ന' എന്ന വിശേഷണം നേടിയിരുന്നു. 'ലക്ഷ്മി ചി പാവലെ' എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്. 'ദുനിയാ കാരി സലാം' (1979), 'മുംബൈ ചാ ഫൗസ്ദാർ' (1984), 'സൂഞ്ച്' (1989), 'കലത് നകലത്' (1990), 'ആറാം ഹറാം ആഹേ' തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.