രണ്ടുതവണ രാജ്യസഭ സീറ്റ് നിരസിച്ചു, കാരണം വെളിപ്പെടുത്തി നടൻ സോനു സൂദ്
text_fieldsമുംബൈ: നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സോനു സൂദ്. താന്‍ എപ്പോഴും രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണെന്നും എന്‍.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സോനുസൂദ് പറഞ്ഞു.
താന്‍ രണ്ട് തവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ മാനസികമായ തയാറെടുപ്പ് നടത്തിയിരുന്നില്ല. അതിനാലാണ് രണ്ട് തവണ രണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനം നിരസിച്ചത്. സോനു സൂദ് പറഞ്ഞു.
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളും വിശദാംശങ്ങളും നല്‍കി. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഞാന്‍ എന്‍റെ ഭാഗം ചെയ്തു, അവര്‍ അവരുടെ ജോലിയും. അതൊരു പ്രക്രിയയുടെ ഭാഗമാണ്. ആദായ വകുപ്പ് റെയ്ഡിനെക്കുറിച്ച് സോനു സൂദ് പറഞ്ഞു.
എനിക്ക ലഭിച്ച 5400 ഇ മെയിലുകൾ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല. വാട്സ് ആപിലെയും ട്വിറ്ററിലേയും ഫേസ്ബുക്കിലേയും ആയിരക്കണക്കിന് മെസേജുകൾ വായിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ 18 കോടി ചെലവാക്കാൻ എനിക്ക് 18 മണിക്കൂർ പോലും ആവശ്യമില്ല. എന്നാൽ ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും ആവശ്യക്കാർക്ക് തന്നെയാണോ ലഭിച്ചതെന്നും ഉറപ്പാക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.- സോനു സൂദ് പറഞ്ഞു.
തന്‍റെ ഫൗണ്ടേഷൻ അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തന്‍റെ അക്കൗണ്ടിൽ ഒരു ഡോളർ പോലും എത്തുന്നില്ല. ആവശ്യക്കാരുടെ കൈകളിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. എല്ലാ ഡോക്യുമെന്‍റേഷനും ഏറ്റവും നന്നായിത്തന്നെയാണ് ചെയ്യുന്നത്.- സോനു സൂദ് പറഞ്ഞു.
അടുത്തിടെ അരവിന്ദ് കെജ് രിവാളുമായി സഹകരിച്ചു പ്രവർത്തിച്ചതാണ് സോനു സൂദിനെതിരെ ആദായവകുപ്പ് റെയ്ഡ് ചെയ്യാൻ കാരണമായതെന്ന് ചില പാർട്ടികൾ ചൂണ്ടിക്കാണിച്ചിരുന്നു.
സോനു സൂദ് 20 കോടി രൂപ വെട്ടിച്ചെന്നായിരുന്നു ആദായ നികുതി വകുപ്പ് ആരോപിച്ചത്. മുംബൈയിലുള്ള സോനുവിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും നാലു ദിവസമായി നടത്തിയ റെയ്ഡിന് ശേഷമാണ് 20 കോടി രൂപ താരം വെട്ടിച്ചതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്. കോവിഡ് കാലത്ത് സേവനപ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം മുന്നിൽ നിന്നിരുന്നു. ലോക്ഡൗണ്‍ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്താന്‍ അദ്ദേഹം സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.