മമതക്ക് വീണ്ടും തലവേദന; നടിയും എം.പിയുമായ ശതാബ്ദി റോയ് ബി.ജെ.പിയിൽ ചേരുമെന്ന് സൂചന
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിൽ തൃണമൂൺ കോൺഗ്രസിൽനിന്ന് കൂടുതൽ പേർ ബി.ജെ.പിയിലെത്തുമെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് 50 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ അവകാശ വാദത്തിന് പിന്നാലെ നടിയും തൃണമൂൽ എം.പിയുമായ ശതാബ്ദി റോയ് ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം.
ഏഴോളം ബി.ജെ.പി എം.പിമാർ പാർട്ടി വിട്ട് തൃണമൂലിലെത്തുമെന്ന് മന്ത്രി ജ്യോതിപ്രിയ മാലിക്കും അവകാശവാദം ഉന്നയിച്ചിരുന്നു.
ബിർഭൂമി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശതാബ്ദി റോയ്യുടെ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ മമത ബാനർജിക്ക് തലവേദനയാകുന്നത്. 'ഞാൻ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ, അത് ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും' -എന്നായിരുന്നു ഫാൻപേജിലെ കുറിപ്പ്.
'ഈ പുതുവർഷം മുതൽ മുഴുവൻ സമയവും നിങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. 2009 മുതൽ നിങ്ങൾ എന്നെ പിന്തുണക്കുകയും ലോക്സഭയിലേക്ക് അയക്കുകയും ചെയ്തു. നിങ്ങൾക്ക് എേന്നാടുള്ള താൽപര്യം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ലോക്സഭ അംഗമാകുന്നതിന് മുമ്പുതന്നെ ജനങ്ങൾ വളരെയധികം എന്നെ സ്േനഹിച്ചിരുന്നു. എന്‍റെ കടമ നിർവഹിക്കുന്നത് ഇനിയും തുടരും. ഞാൻ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും' -ശതാബ്ദി റോയ്യുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.
2009 മുതൽ ബീർഭൂമി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശതാബ്ദി റോയ് പാർട്ടി വിട്ടാൽ മമതക്ക് അത് വലിയ തിരിച്ചടിയാകും. അതേസമയം ഫാൻ പേജിലെ കുറിപ്പിന്‍റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.
താൻ മാനസിക ബുദ്ധിമുട്ടിലാണെന്നും മിക്ക പരിപാടികളിലും ക്ഷണിക്കാത്തതിനാൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചില്ലെന്നും തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് അയച്ച സന്ദേശത്തിൽ ശതാബ്ദി റോയ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി തൃണമൂൽ എം.പിമാരും എം.എൽ.എമാരും പാർട്ടിവിട്ട് ബി.ജെ.പിയിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിറങ്ങിയാണ് ബംഗാളിലെ ബി.ജെ.പിയുടെ പടയൊരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.