അനിതയുടെ വീട് നടൻ വിജയ് സന്ദര്‍ശിച്ചു
text_fieldsചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാർഥിനി അനിതയുടെ വീട് ചലച്ചിത്രതാരം വിജയ് സന്ദര്‍ശിച്ചു. നീറ്റിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിജയ്യുടെ സന്ദര്‍ശനം. അരിയല്ലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലെ വീട്ടില്‍ എത്തിയ വിജയ്, അനിതയുടെ പിതാവ് ഷണ്മുഖനു ലക്ഷം രൂപ സഹായധനം നല്‍കിയാണ് മടങ്ങിയത്. അനിതയുടെ ചിത്രത്തിനു മുന്നിൽ ദുഃഖിതനായ അച്ഛനൊപ്പം വിജയ് തറയിലിരുന്ന് സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിരവധി സ്കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ നീറ്റിനെതിരായി ക്ലാസുകള്‍ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. തമിഴ്സിനിമാരംഗത്തുനിന്നും ഒട്ടേറെ പ്രമുഖര്‍ വിഷയത്തില്‍ മുമ്പ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ അനുശോചനവുമായി കമൽഹാസനും രജനീകാന്തും നേരത്തെ രംഗത്തെത്തിയിരുന്നു. തമിഴ്നാട് സിലബസിൽ ഹയർസെക്കൻഡറി പഠിച്ച അനിതക്ക് 1200ൽ 1176 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ നീറ്റ് പരീക്ഷക്ക് 86 മാർക്ക് മാത്രമേ ലഭിച്ചുള്ളു. ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടി അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അനിതയുടെ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.