അണ്ണാ സർവകലാശാലയിലെ ബലാത്സംഗം: ഗവർണറുമായി കൂടിക്കാഴ്ച നടത്തി നടൻ വിജയ്
text_fieldsചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആർ.എൻ. രവിയുമായി നടനും തവിഴ് വെട്രികഴകം നേതാവുമായ വിജയ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാസുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർക്ക് ടി.വി.കെ നിവേദനം നൽകി. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്ക് സഹായം നൽകാനും സർക്കാർ തയാറായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
തിങ്കളാഴ്ച ഉച്ചക്ക് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. സംസ്ഥാനത്ത് ക്രമസമാധാനവും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നിവേദനത്തിലെ മുഖ്യ ആവശ്യം. അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട സംഭവം വിവാദമായ സാഹചര്യത്തിലാണ് വിജയ് ഗവർണറെ കണ്ടത്. രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതിനുശേഷം പൊതു ആവശ്യമുന്നയിച്ച് ഇതാദ്യമായാണ് വിജയ് രാജ്ഭവൻ സന്ദർശിക്കുന്നത്.
അണ്ണാ സർവകലാശാലയിൽ ഡിസംബർ 23നാണ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയർന്നത്. എസ്.എഫ്.ഐയും അഖിലേന്ത്യാ വനിതാക്ഷേമ ഫെഡറേഷനും സർവകലാശാലയുടെ ഗിണ്ടി ക്യാമ്പസിൽ സമര പരമ്പരക്ക് തന്നെ നേതൃത്വം നൽകി. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
നേരത്തെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് വിജയ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വനിതകളുടെ സുരക്ഷക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. എമർജൻസി ബട്ടണും സി.സി.ടി.വി ക്യാമറയും ഉൾപ്പെടുത്തിയ സ്മാർട്ട് പോളുകൾ സ്ഥാപിക്കണം. വനിതാ സുരക്ഷക്കായി പ്രത്യേകം മൊബൈൽ ആപ്പ് തയാറാക്കണമെന്നും ഇവയുടെ ചെലവിനായി നിർഭയ ഫണ്ട് പ്രയോജനപ്പെടുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു.
ശനിയാഴ്ച സംഭവത്തിൽ അന്വേഷണം നടത്താൻ വനിതാ ഐ.പി.എസ് ഓഫിസർമാർ അടങ്ങിയ പ്രത്യേക സംഘത്തിന് മദ്രാസ് ഹൈകോടതി രൂപംനൽകി. ബലാത്സംഗ കേസിനു പുറമെ ഇരയുടെ വിവരങ്ങളടങ്ങിയ എഫ്.ഐ.ആർ ചോർന്ന സംഭവത്തിലും എസ്.ഐ.ടി അന്വേഷണം നടത്തണം. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി, സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർവകലാശാലക്കും നിർദേശം നൽകി. കേസന്വേഷിക്കാൻ രണ്ടംഗ സമിതിയെ ദേശീയ വനിതാ കമീഷനും അയച്ചിട്ടുണ്ട്.
ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അറസ്റ്റിൽ; പ്രതിഷേധം
ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ജനറൽ സെക്രട്ടറി എൻ.ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവിധത്തിൽ സംഘം ചേർന്നതിനാണ് അറസ്റ്റ്. അണ്ണാ സർവകലാശാല വളപ്പിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത വിഷയത്തിൽ തിങ്കളാഴ്ച രാവിലെ വിജയ് തന്റെ ‘എക്സ്’ ഹാൻഡിലിലൂടെ തമിഴ്നാട്ടിലെ സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് പുറത്തുവിട്ടിരുന്നു.
ഇതിനുശേഷം രാജ്ഭവനിൽ നേരിട്ടുചെന്ന് ഗവർണർക്ക് നിവേദനവും നൽകി. കത്തിന്റെ പകർപ്പുകൾ ടി.വി.കെ വനിത പ്രവർത്തകർ ചെന്നൈ വനിത കോളജ് കാമ്പസിന് പുറത്തും പൂമാർക്കറ്റ് പരിസരത്തും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.