വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി നടിയുടെ പരാതി; തമിഴ്നാട് മുൻ മന്ത്രി മണികണ്ഠൻ ഒളിവിൽ
text_fieldsചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിക്ക് പിന്നാലെ തമിഴ്നാട്ടിലെ മുൻ മന്ത്രി ഒളിവിൽ പോയി. അഡയാർ പൊലീസ് സ്റ്റേഷനിലായിരുന്നു നടി തമിഴ്നാട്ടിലെ മുൻ ഐ.ടി മന്ത്രിയായിരുന്ന എ. മണികണ്ഠനെതിരെ പരാതി നൽകിയിരുന്നത്.
മണിക്ഠനുമായി അഞ്ച് വർഷമായി താൻ അടുപ്പത്തിലായിരുന്നുവെന്നാണ് 37കാരിയായ നടി പരാതിയിൽ പറയുന്നത്. വിവാഹിതനായ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇക്കാലയളവിൽ പരാതിക്കാരി മൂന്ന് തവണ ഗർഭിണിയായെങ്കിലും മണികണ്ഠൻ നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചു. വിവാഹത്തിന് ശേഷം മതി കുട്ടികൾ എന്നായിരുന്നു അയാൾ പറഞ്ഞത്.
എന്നാല്‍ പിന്നീട് ഇയാൾ ബന്ധത്തില്‍ നിന്നും ഉൾവലിഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ നടി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആദ്യം ആരോപണങ്ങൾ നിഷേധിച്ച മന്ത്രി തനിക്ക് പരാതിക്കാരിയെ അറിയില്ലെന്ന് പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് മുൻ മന്ത്രിയെ തേടി രാമനാഥപുരം ജില്ലയിലെത്തിയെങ്കിലും ഇയാൾ മുങ്ങിയിരുന്നു.
പൊലീസിൽ പരാതിപ്പെട്ടാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറയുന്നു. വാടകക്കൊലയാളികളെ വെച്ച് തന്നെയും കുടുംബത്തെയും വകവരുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കി.
2016ൽ രാമനാഥ പുരത്ത് നിന്നാണ് മണികണ്ഠൻ നിയമസഭയിലെത്തിയത്. 2019 വരെ അദ്ദേഹം തമിഴ്നാട്ടിലെ ഐ.ടി മന്ത്രിയായിരുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ കലാപക്കൊടി ഉയർത്തിയ ടി.ടി.വി ദിനകരൻ പക്ഷത്തെ 18 എം.എൽ.എമാരിൽ ഒരാളായിരുന്നു മണികണ്ഠൻ. സംഭവത്തോടെ 2019ൽ മന്ത്രി സ്ഥാനം നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.