ദലിത് വിരുദ്ധ പരാമർശം നടത്തിയ നടി മീരമിഥുൻ റിമാൻഡിൽ
text_fieldsചെന്നൈ: ദലിതുകൾക്കെതിരെ പരാമർശങ്ങൾ നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീരമിഥുനെ ആഗസ്റ്റ് 27 വരെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ചയാണ് ആലപ്പുഴയിലെ സ്വകാര്യ നക്ഷത്ര റിസോർട്ടിൽ സുഹൃത്ത് അഭിഷേകിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന മീരമിഥുനെ ചെന്നൈ സിറ്റി പൊലീസ് പിടികൂടിയത്. ഇൗ സമയത്ത് മീരമിഥുൻ പൊലീസുകാരുമായി കടുത്ത വാഗ്വാദത്തിലേർപ്പെട്ടു.
മൊബൈൽഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് കരഞ്ഞ് നിലവിളിച്ച് വിഡിയോ അപ്ലോഡ് ചെയ്തു. ഇതു സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് പൊലീസ് നിർബന്ധപൂർവം മൊബൈൽഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. ബലംപ്രയോഗിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
ഞായറാഴ്ച രാവിലെ ചെന്നൈ സിറ്റി പൊലീസ് കമീഷണർ ഒാഫിസിലെത്തിച്ചു. ഇൗ സമയത്ത് പൊലീസുകാർ തെൻറ കൈ ഒടിക്കാൻ ശ്രമിച്ചതായും ഭക്ഷണം നൽകിയില്ലെന്നും മറ്റും വിളിച്ചു പറഞ്ഞു. ചോദ്യംചെയ്യലുമായി സഹകരിക്കാതിരുന്ന മീരമിഥുൻ തെൻറ അഭിഭാഷകനെത്തിയാൽ മാത്രമെ സംസാരിക്കൂവെന്ന് ശാഠ്യംപിടിച്ചു.
ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നും ആഗസ്റ്റ് ഏഴിന് അപ്ലോഡ് ചെയ്ത വിഡിയോയിൽ മീര മിഥുൻ പറഞ്ഞിരുന്നു. ഇതിനെതിരെ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയിലാണ് കേസെടുത്തത്. മീരമിഥുനെതിരെ മറ്റു കേസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.