മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു - രാഹുൽ ഗാന്ധി
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും പേരുകൾ ഇപ്പോൾ പറയുന്നതെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷമായി പ്രധാനമന്ത്രി നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടും ഇവരുടെ പേര് എവിടെയും സൂചിപ്പിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ തെരഞ്ഞടുപ്പിലെ തോൽവിയിൽനിന്ന്, അവർ രക്ഷിക്കുമെന്ന് കരുതിയാണ് മോദി ഈ പേരുകൾ ഉയർത്തിക്കാണിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഉത്തർപ്രദേശിലെ കനൗജിൽ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.
"കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി നിരവധി പ്രസംഗങ്ങൾ നടത്തി. എന്നാൽ ഒരിക്കൽ പോലും അദാനി, അംബാനി എന്നീ പേരുകൾ സൂചിപ്പിച്ചിട്ടില്ല. ആരെങ്കിലും ഭയപ്പെടുമ്പോൾ, തന്നെ രക്ഷിക്കാൻ വരുമെന്നു കരുതുന്നവരുടെ പേര് പറയാൻ തുടങ്ങും. അതുപോലെ മോദി അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരാണ് ഇപ്പോൾ പറയുന്നത് - ഇൻഡ്യ മുന്നണി എന്നെ തോൽപ്പിക്കുന്നു, അദാനീ, അംബാനീ എന്നെ രക്ഷിക്കൂ, ഇതാണ് യാഥാർഥത്തിൽ നടക്കുന്നത്.
അദാനി ടെമ്പോ വാനിൽ പണമയക്കുന്നത് എങ്ങനെയാണെന്ന് മോദിക്കറിയാം. അദ്ദേഹത്തിന് അക്കാര്യത്തിൽ അനുഭവമുണ്ട്. രാജ്യത്തെ 22 വൻകിട വ്യവസായികൾക്കു വേണ്ടി മാത്രമാണ് മോദി പ്രവർത്തിക്കുന്നത്. അടുത്ത ഏതാനും നാളുകൾ മോദിയും അമിത് ഷായും നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ഇന്ത്യ വലിയ മാറ്റത്തിന് തയാറെടുത്തു കഴിഞ്ഞു. ബി.ജെ.പി ഏറ്റവും വലിയ തോൽവിയെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്" -രാഹുൽ പറഞ്ഞു.
നേരത്തെ, രാഹുൽ ഗാന്ധി ഇപ്പോൾ അദാനി, അംബാനി എന്നിവരുടെ പേരുകൾ പറഞ്ഞ് വിമർശിക്കുന്നില്ലെന്നും ഇരുവരും കോൺഗ്രസിന് പണം നൽകിയെന്നും മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇവരുമായി കോൺഗ്രസ് ധാരണയിലെത്തി. ടെമ്പോ വാനിൽ ചാക്കുകെട്ടുകളായി കോൺഗ്രസ് പണം വാങ്ങിയെന്നും അതിനാലാണ് ഇപ്പോൾ ഇവരുടെ പേര് പരാമർശിക്കാത്തതെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.