സുപ്രീംകോടതിയിൽ വഴിവിട്ട് അദാനി കമ്പനി
text_fieldsന്യൂഡൽഹി: മൂന്നു വർഷം മുമ്പ് തീർപ്പാക്കിയ കേസിൽ ക്രമവിരുദ്ധമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് അദാനി കമ്പനി. ഇതേച്ചൊല്ലി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകരുടെ വാഗ്വാദം.
രാജസ്ഥാൻ വൈദ്യുതി ബോർഡിൽനിന്ന് 1,400 കോടിയോളം രൂപ സർചാർജ് എന്ന പേരിൽ പിഴത്തുക ഈടാക്കാൻ അദാനി പവർ രാജസ്ഥാൻ ലിമിറ്റഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ തുകക്ക് അദാനി കമ്പനി അർഹരല്ലെന്ന വിധി 2020ൽ സുപ്രീംകോടതി ശരിവെച്ചിരുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ അനുബന്ധ അപേക്ഷ എന്ന നിലയിലാണ് ഇപ്പോൾ രജിസ്ട്രിയിൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി.വി. സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള രാജസ്ഥാൻ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ അഭിഭാഷകനായ ദുഷ്യന്ത് ദവെയും അദാനി കമ്പനിക്കു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയും തമ്മിൽ മൂന്നു മണിക്കൂർ വാഗ്വാദം നടന്നത്.
തങ്ങളുടെ ഉത്തരവുണ്ടായിട്ടും അവ്യക്തമായ കാരണങ്ങളാൽ ഈ കേസ് ലിസ്റ്റ് ചെയ്യാതിരുന്നതിൽ കഴിഞ്ഞ ദിവസം ജഡ്ജിമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലിസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരായ സുപ്രീംകോടതി രജിസ്ട്രിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തു. കോടതി നിർദേശ പ്രകാരം ബുധനാഴ്ച ആദ്യത്തെ കേസായി പരിഗണിച്ചപ്പോഴാണ് അഭിഭാഷകരുടെ വാഗ്വാദം.
2020 ആഗസ്റ്റിലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ ഭേദഗതി വേണമെന്നാണ് അദാനി കമ്പനി നൽകിയ അനുബന്ധ അപേക്ഷ.
നിരക്ക് നിർണയത്തിൽ അദാനി കമ്പനിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും പിഴത്തുകക്ക് അവകാശമില്ലെന്നുമായിരുന്നു അന്നത്തെ വിധി. എന്നാൽ, കരാർ പ്രകാരം സർചാർജ് ഇനത്തിൽ 2022 ജൂൺ 30 മുതലുള്ള 1,376.35 കോടി രൂപ കുടിശ്ശിക കിട്ടണമെന്ന് പുതിയ അപേക്ഷയിൽ അദാനി കമ്പനി ആവശ്യപ്പെട്ടു.
കോടതി നേരത്തെ വിധിപറഞ്ഞ കേസിൽ പുതിയ അവകാശവാദം ഉന്നയിക്കുന്നതെങ്ങനെയാണെന്ന് രാജസ്ഥാൻ വൈദ്യുതി ബോർഡിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചോദിച്ചു.
അതേസമയം, കോടതി പരിഗണനക്കെടുത്ത അപേക്ഷ പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു അഭിഷേക് സിങ്വി ബുധനാഴ്ച പ്രധാന ആവശ്യമായി ഉന്നയിച്ചത്. അനുബന്ധ അപേക്ഷ നിലനിൽക്കുമെങ്കിലും പിൻവലിക്കാൻ തയാർ എന്നായിരുന്നു സിങ്വിയുടെ വാദം. എന്നാൽ, ക്രമവിരുദ്ധമായി നൽകിയ അപേക്ഷ അങ്ങനെ പിൻവലിക്കാൻ അനുവദിക്കരുതെന്ന് ദവെ വാദിച്ചു.
അദാനി കമ്പനിയുടെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും സർക്കാർ ഖജനാവിൽനിന്ന് 1400 കോടിയോളം രൂപ വഴിവിട്ട നിലയിൽ നേടിയെടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദവെ പറഞ്ഞു.
നീണ്ട വാദത്തിനു ശേഷം അപേക്ഷ വിധി പറയാൻ മാറ്റി. അദാനി കമ്പനിയും രാജസ്ഥാൻ വൈദ്യുതി ബോർഡുമായുള്ള കേസിൽ സുപ്രീംകോടതി വിധിപറഞ്ഞ 2020ൽ സംസ്ഥാനത്ത് കോൺഗ്രസായിരുന്നു അധികാരത്തിൽ. ഇപ്പോൾ ബി.ജെ.പിയാണ് ഭരണത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.