അദാനി പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കില്ല -കേന്ദ്ര ധനമന്ത്രി
text_fieldsമുംബൈ: അദാനി ഗ്രൂപ് 20,000 കോടിയുടെ അനുബന്ധ ഓഹരി വിൽപന (എഫ്.പി.ഒ) പിൻവലിച്ചത് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയെയും സാമ്പത്തിക പ്രതിച്ഛായയെയും ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ രണ്ടുദിവസം മാത്രം 800 കോടി യു.എസ് ഡോളറിന്റെ വിദേശനിക്ഷേപം രാജ്യത്തുണ്ടായെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
മുമ്പും അനുബന്ധ ഓഹരി വിൽപന ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിയന്ത്രണ ഏജൻസികൾ അവരുടെ ജോലി ചെയ്യും. വിപണിയുടെ സ്ഥിരത ഉറപ്പുവരുത്താനുള്ള മാർഗങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ വഞ്ചനപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പിന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടത്. ഇതിനുശേഷം ആദ്യമായാണ് ധനമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച മൂലമുണ്ടായ അനിശ്ചിതത്വങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം,ഓഹരി വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിപണിയിലെ അമിതമായ ചാഞ്ചാട്ടം പരിഹരിക്കാൻ ആവശ്യമായ എല്ലാ നിരീക്ഷണ നടപടികളും നിലവിലുണ്ടെന്നും സെബി അറിയിച്ചു. ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ഓഹരികളിൽ കഴിഞ്ഞ ആഴ്‌ച അസാധാരണമായ ചാഞ്ചാട്ടം നിരീക്ഷിക്കപ്പെട്ടതായും അദാനി ഗ്രൂപ്പിന്റെ പേര് സൂചിപ്പിക്കാതെ സെബി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.