മുംബൈ വിമാനത്താവളവും അദാനിക്ക്; എതിർപ്പുമായി ആഗോള കമ്പനികൾ
text_fieldsമുംബൈ: തങ്ങളെ മറികടന്ന് മുംബൈ രാജ്യാന്തര വിമാനത്താവളവും വരുതിയിലാക്കാനുള്ള അദാനി ഗ്രൂപ്പിെൻറ 'നാടകീയ' നീക്കത്തിനെതിരെ കേന്ദ്ര സർക്കാറിെൻറ ഇടപെടൽ ആവശ്യപ്പെട്ട് ആഗോള നിക്ഷേപ കമ്പനികൾ. അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (എ.ഡി.െഎ.എ), കാനഡയിലെ പബ്ലിക് സെക്ടർ പെൻഷൻ (പി.എസ്.പി) കമ്പനികളാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി കാര്യാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും കത്തയച്ചത്.
ഹൈദരാബാദിലെ ജി.വി.കെ ഗ്രൂപ്പിനും സഹ കമ്പനികൾക്കും മുംബൈ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിലുള്ള 79 ശതമാനം ഒാഹരി 7614 കോടി രൂപക്ക് വാങ്ങാൻ എ.ഡി.െഎ.എയും പി.എസ്.പിയും ധാരണയിലായിരിക്കെയാണ് അദാനി ഒാഹരി കൈവശപ്പെടുത്താൻ നീക്കം തുടങ്ങിയത്. അദാനി നേരത്തേ നടത്തിയ ഒാഹരി ഏറ്റെടുക്കൽ നീക്കം ജി.വി.കെ ആദ്യം എതിർത്തെങ്കിലും സി.ബി.െഎ അന്വേഷണത്തിന് ശേഷം വഴങ്ങുകയായിരുന്നു. 750 കോടി രൂപ വഴിമാറ്റിയെന്നും സർക്കാർ ഭൂമിയിൽ വ്യാജ നിർമാണ കരാറിലൂടെ 350 കോടി രൂപയുടെ ബാധ്യതവരുത്തിയെന്നും ആരോപിച്ചാണ് ജി.വി.കെക്ക് എതിരെ കഴിഞ്ഞ ജൂലൈയിൽ സി.ബി.െഎ കേസെടുത്തത്.
ഒാഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചക്ക് ജനുവരി 31 വരെ തങ്ങൾക്കു മാത്രമായി അവകാശമുണ്ടായിരിക്കെ മറ്റൊരു കമ്പനിയുമായി (അദാനി) ചർച്ച നടത്തുന്നത് കരാർ ലംഘനമാണെന്ന് എ.ഡി.െഎ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ എയർപോർട്ട് ലിമിറ്റഡിെൻറ 79 ശതമാനം ഒാഹരി ജി.വി.കെയിൽ നിന്ന് വാങ്ങാൻ എ.ഡി.െഎ.എ, പി.എസ്.പി, കേന്ദ്രത്തിനു കീഴിലെ നാഷനൽ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രെക്ചർ ഫണ്ട് എന്നിവർ ധാരണയിലായത്. കരാർ ലംഘനത്തിന് എതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. സർക്കാർ തലത്തിൽ പ്രശ്ന പരിഹാരത്തിന് കമ്പനികൾ ശ്രമിക്കുമ്പോൾ സ്വകാര്യ കമ്പനികളുടെ നിയമ പോരാട്ടത്തിൽ ഇടപെടാനില്ലെന്ന നിലപാടാണ് ധനകാര്യ മന്ത്രാലയം സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.