അദാനിത്തകർച്ച ചായക്കോപ്പയിലെ കൊടുങ്കാറ്റോ?
text_fieldsന്യൂഡൽഹി: ഓഹരി വിപണിയിലെ അദാനിത്തകർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലേക്ക് വിശാലമായി നോക്കിയാൽ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ മാത്രമാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ. മികച്ച നിലയിൽ നിയന്ത്രിക്കപ്പെടുന്ന ഓഹരി വിപണിയാണ് ഇന്ത്യയിലേതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, വികസനം മുതൽ സാധാരണക്കാരുടെ സമ്പാദ്യത്തിൽവരെ, അദാനി ഗ്രൂപ് കമ്പനികൾ സൃഷ്ടിച്ച പ്രതിസന്ധി പലത്.
• 10 അദാനി കമ്പനികളുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപ കടന്നു. വൻകിട നിക്ഷേപകർ മുതൽ ഒറ്റ ഓഹരിമാത്രം വാങ്ങിയവരെയും ഇത് ബാധിക്കും. ഓഹരിവില ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പകുതിയിലേറെ താഴ്ന്നു. സാമ്പത്തിക ഭദ്രതയുള്ളവർക്ക് അനിശ്ചിതത്വം നീങ്ങുമെന്ന പ്രതീക്ഷയിൽ ഈ ഓഹരികൾ കൈവശം വെച്ച് കാത്തിരിക്കാം.
എന്നാൽ, മുടക്കുമുതൽ പകുതിയും ആവിയായ സ്ഥിതിയിലാണ് ചെറുകിട നിക്ഷേപകർ. ഓഹരി വിപണിയിൽ അത്തരം നിക്ഷേപകർ ലക്ഷക്കണക്കിനാണ്. അദാനി-സർക്കാർ ബന്ധത്തിന്റെ കെട്ടുറപ്പിൽ വിശ്വസിച്ച ഇക്കൂട്ടർക്കു മുന്നിൽ അധികം വഴികളില്ല. ഒന്നുകിൽ അനിശ്ചിതത്വം മാറി ഏതെങ്കിലും ഒരു കാലത്ത് ഈ ഓഹരികൾ പിടിച്ചുകയറുന്നതുവരെ കാത്തിരിക്കണം.
അതല്ലെങ്കിൽ കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കണം. അദാനി ഗ്രൂപ് ഓഹരികളുടെ നിലയ്ക്കാത്ത വിൽപന സമ്മർദം സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.
•അദാനി കമ്പനികൾ മാത്രമല്ല, പൊതുജന നിക്ഷേപവും വിശ്വാസ്യതയുമാർജിച്ച പല പൊതുമേഖല ധനകാര്യ സ്ഥാപന ഓഹരികളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉദാഹരണം. അദാനിമൂലം ഇടിഞ്ഞ അവയുടെ ഓഹരി വിലകൾ പൂർവസ്ഥിതി പ്രാപിക്കാൻ നിക്ഷേപകർക്ക് അനിശ്ചിതമായി കാത്തിരുന്നേ മതിയാവൂ.
അദാനി കമ്പനികൾക്ക് നൽകിയ നിക്ഷേപവും വായ്പയും മൂല്യം ചോരാതെ വീണ്ടെടുക്കുകയെന്നത് ഈ പൊതുമേഖല സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. ഈ ധനകാര്യ സ്ഥാപനങ്ങളുടെ വികസന-വായ്പ-നിക്ഷേപ ലക്ഷ്യങ്ങളെയും പുതിയ പ്രതിസന്ധി ബാധിക്കും.
•ഓഹരി മാത്രമല്ല, അദാനി കമ്പനികളുടെ ഭാവി ലക്ഷ്യങ്ങൾകൂടിയാണ് തകർന്നു നിൽക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം മുതൽ ഒട്ടുമിക്ക മേഖലകളിലും ചുരുങ്ങിയ കാലംകൊണ്ട് വലവിരിച്ച വ്യവസായിയാണ് ഗൗതം അദാനി.
2014ൽ 50,000 കോടി രൂപയുടേതു മാത്രമായിരുന്നു അദാനിയുടെ ആസ്തിയെങ്കിൽ, കഴിഞ്ഞ ദിവസങ്ങളിലെ ഓഹരി വിലത്തകർച്ച അദാനിക്കുണ്ടാക്കിയ നഷ്ടം മാത്രമാണ് 10 ലക്ഷം കോടി രൂപ. സ്വകാര്യ നിക്ഷേപത്തിന്റെ പോസ്റ്റർ ബോയിയായി മോദിസർക്കാർ തീറ്റിപ്പോറ്റിയ അദാനിയുടെ നിലവിലുള്ളതും പുതിയതുമായ സംരംഭങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധി സാരമായി ബാധിക്കും.
വിശ്വാസ്യത തകർന്നതിനാൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് മുമ്പത്തെപ്പോലെ കൈവിട്ടു സഹായിക്കാൻ കഴിയാത്തതിനാൽ മൂലധനം, വായ്പ തുടങ്ങി ധനസമാഹരണം വെല്ലുവിളിയാകും. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം മുതൽ അദാനി കൈവെച്ച ഒട്ടുമിക്ക പദ്ധതികളെയും മരവിപ്പ് ബാധിക്കും.
•ഇന്ത്യൻ ഓഹരി വിപണിക്കും കോർപറേറ്റ് സുതാര്യതക്കും അന്താരാഷ്ട്ര തലത്തിൽ നേരിട്ട വിശ്വാസത്തകർച്ച മറ്റൊരു വശം. രാജ്യത്തെ സാമ്പത്തിക മേഖലാ നിയന്ത്രണ ചട്ടക്കൂടുകളെക്കുറിച്ച സംശയങ്ങളും വർധിപ്പിക്കും. വിദേശ സ്ഥാപന നിക്ഷേപകർ വൻതുകയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചത്.
ഈ വിശ്വാസത്തകർച്ച മറ്റു കമ്പനികൾക്കും ദോഷം ചെയ്യും. അത് അന്താരാഷ്ട്ര ഓഹരി വിപണികളേക്കാൾ ഇന്ത്യൻ വിപണിയുടെ ആനുപാതിക പ്രകടനം മോശമാക്കും. ഉറ്റ വ്യവസായി സുഹൃത്തിന്റെ വിശ്വാസ്യത തകർന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും രാഷ്ട്രീയമായി പരിക്കേൽപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.